Don't Miss

ചിയാൻ വിക്രം വീണ്ടും മലയാള സിനിമയിലേക്ക്; ആകാംക്ഷയോടെ ആരാധകർ

തമിഴ് സൂപ്പർ താരം ചിയാൻ വിക്രം ഒരിക്കൽ കൂടി മലയാളത്തിലേക്ക് എത്തുകയാണ്. സൂപ്പർ താരം ആവുന്നതിനു ശേഷം ആദ്യമായാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. ഒരുപിടി മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത വിക്രം പക്ഷെ സൂപ്പർ താരം ആയതിനു ശേഷം മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ റോസാപ്പൂ എന്ന മലയാള ചിത്രത്തിൽ ഒരു അതിഥി വേഷം ചെയ്തു കൊണ്ടാണ് വിക്രം വീണ്ടും മലയാളത്തിൽ എത്തുന്നത് എന്നാണ് സൂചന. വിനു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബിജു മേനോൻ ആണ് നായകൻ.

ബിജു മേനോൻ സ്റ്റൈലിഷ് ഗെറ്റപ്പിൽ എത്തുന്ന ഈ ഒരു മുഴുനീള എന്റെർറ്റൈനെർ മൂവിയാണ് ഒരുങ്ങുന്നത്. ഷിബു തമീൻസ് ആണ് തമീൻസ് ഫിലിമ്സിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത്. വിക്രമിന്റെ കഴിഞ്ഞ റിലീസ് ആയ ആനന്ദ് ശങ്കർ ചിത്രം ഇരുമുഖൻ നിർമ്മിച്ചതും ഇനി ചിത്രീകരണം നടക്കാൻ പോകുന്ന സാമി 2 എന്ന ചിത്രം നിർമ്മിക്കുന്നതും ഷിബു തമീൻസ് ആണ്. ഈ ബന്ധം വെച്ചാണ് വിക്രം ഷിബു തമീൻസ് നിർമ്മിക്കുന്ന മലയാള ചിത്രത്തിൽ അതിഥി വേഷം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചത് എന്നാണ് വിവരം. റോസാപ്പൂവിൽ അഭിനയിക്കാൻ വിക്രം രണ്ടു ദിവസത്തെ ഡേറ്റ് ആണ് നൽകിയിരിക്കുന്നത്.

ചെന്നൈയിൽ വെച്ചായിരിക്കും വിക്രത്തിന്റെ ഭാഗം ചിത്രീകരിക്കുക. എറണാകുളം , ചെന്നൈ, കൊടൈക്കനാൽ എന്നിവിടങ്ങളിൽ ആയി ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. വിജയ് ചന്ദർ ഒരുക്കിയ സ്കെച്ച്, ഗൗതം മേനോൻ ഒരുക്കുന്ന ധ്രുവനച്ചത്തിരം എന്നിവയാണ് വിക്രം നായകനായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. മലയാളത്തിലേക്കുള്ള വിക്രത്തിന്റെ വരവിനെ ആരാധകർ ഇരു കൈയും നീട്ടി സ്വീകരിക്കും എന്നതിൽ സംശയമില്ല.

Total
0
Shares

About Jithu raj