Don't Miss

വിശപ്പും തൊണ്ടിമുതലും

വിശപ്പിനോളം വലുതല്ലല്ലോ ഒന്നും ഒരു മനുഷ്യ ജീവിതത്തിൽ. വിശന്നു വിശന്നു മോഷ്ടാവാകേണ്ടി വന്നവരെ നമ്മൾ ജീവിതത്തിലും കഥകളിലും സിനിമകളിലും കണ്ടിട്ടുണ്ട്. ഹോട്ടലിലെ ചില്ലലമാരയിൽ നിന്നും നെയ്യപ്പം കട്ട് ഓടി അടി വാങ്ങിയ കുട്ടികൾ. 
ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചു പോയ ഇളയപ്പന്റെ കൂടെ നിന്ന, വിശപ്പിന്റെ വിലയറിഞ്ഞ, വിശന്നു വിശന്നു മംഗലാപുരത്തേക്ക് നാട് വിട്ട തൊണ്ടി മുതലും ദൃക്സാക്ഷിയിലെയും പ്രസാദ് (ഫഹദ് ഫാസിൽ). എന്തിനാ നാട് വിട്ടത് എന്ന്‌ പോലീസുകാരൻ ചോദിക്കുമ്പോൾ “വെറുതെ” എന്ന്‌ പ്രസാദ് പറയുന്നുണ്ട്. ആ വെറുതെ വിശപ്പാണ്. അതും പറഞ്ഞു പ്രസാദും പോലീസുകാരും കൂട്ടച്ചിരി ചിരിക്കുന്നുണ്ട്. അപ്പോൾ ഉള്ള ഫഹദിന്റെ ആഴമുള്ള ചിരി വിശന്ന് പോയവന്റെതാണ്. 

മാല വിഴുങ്ങിയത് എന്തിനാടാ വിശന്നിട്ടാണോ എന്ന്‌ പോലീസുകാരൻ ചോദിക്കുന്നുണ്ട്. അതെ എന്നാണ് പ്രസാദിന്റെ മറുപടി. “വിശപ്പാണല്ലോ സാറെ എല്ലാം” എന്ന് ഫഹദ് പറയുമ്പോൾ അതിന്റെ ആഴവും പരപ്പും ഈ സിനിമയുടേത് മൊത്തം ആകുന്നു.

ന്യായധിപയുടെ വീട്ടിൽ പ്രസാദിനെ കൊണ്ട്‌ പോയപ്പോൾ തടിച്ചുരുണ്ട്  ജിമിട്ടായ അവരുടെ പത്തു പന്ത്രണ്ടു വയസ്സുള്ള മകൻ വലിച്ചു വാരി ഭക്ഷണം കഴിക്കുന്നത് കണ്ടു ഒരു പോലീസുകാരൻ വൃത്തികെട്ട ഭാഷയിൽ ആ പയ്യനെ കളിയാക്കുമ്പോൾ പ്രസാദ് പറയുന്നു  “ഈ പ്രായത്തിൽ നല്ല വിശപ്പ് കാണും സാറെ, കളിയാക്കരുത്” എന്ന്‌. ഫഹദ് അത് പറയുമ്പോൾ ഉള്ള ആർജ്ജവം കുട്ടിക്കാലം വല്ലാതെ വിശന്നു പോയ ഒരു മനുഷ്യന്റേതാണ്.

പോലീസ് സ്റ്റേഷനിൽ പ്രസാദിനെ എത്തിച്ച അന്ന് വയറ്റിന്നു നന്നായി പോകാൻ വാങ്ങിച്ചു കൊടുത്ത ബിരിയാണി ഫഹദ് തിന്നുന്ന ആ രീതി ഒന്ന്‌ കാണണം. കള്ളന് ബിരിയാണി കിട്ടിയതിന്റെ സന്തോഷത്തിൽ ഉള്ള തീറ്റി അല്ല അത്. ഭക്ഷണത്തിന്റെ വില നന്നായി അറിയുന്നവന്റെതാണ്. എക്സ്റേ എടുത്ത് വരുന്ന വഴി ഒരു ഹോട്ടലിൽ കയറി എല്ലാവരും ചോറ് കഴിച്ചു കഴിഞ്ഞപ്പോൾ പ്രസാദ് പറയുന്നു “കുറച്ചു ചോർ കൂടെ” എന്ന്‌.

തൊണ്ടി മുതലും ദൃക്സാക്ഷിയും വിശന്നു പോയി കള്ളന്മായവരുടെയും, ഓരോ മോഷണത്തിനും ഇരയാക്കപ്പെടുന്നവരുടെ വേദന എത്രത്തോളം ആണെന്ന് മനസ്സിലാക്കി മോഷണം നിർത്തിയവന്റെയും കഥയാണ്. ഈ ചിത്രത്തിലെ പോത്തേട്ടൻ ബ്രില്യൻസ് സീനുകളിലും ഷോട്ടുകളിലും കണ്ടിന്യൂറ്റിയിലും അല്ല. ഈ സിനിമയിൽ തന്നെ അല്ലെങ്കിൽ ഈ സിനിമ തന്നെ ഒരു പോത്തേട്ടൻ ബ്രില്യൻസ് ആണ്.

About admin