പത്മശ്രീ പുരസ്കാരത്തിന് പിന്നാലെ നീണ്ട വർഷത്തിന് ശേഷം പത്മഭൂഷൻ കൂടി ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടൻ മോഹൻലാൽ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാർ അറബക്കടലിന്റെ സിംഹം’ എന്ന സിനിമ ഷൂട്ടിങ്ങിനിടെയാണ് പത്മഭൂഷൻ ലഭിച്ച വിവരം മോഹൻലാൽ അറിയുന്നത്. 40 വർഷമായി സിനിമയിൽ തുടരുന്ന ഒരാളെന്ന നിലയിൽ ഈ പുരസ്കാരം ലഭിച്ചതിന് തന്റെ ആരാധകരോടും പ്രേക്ഷകരോടും താരം നന്ദി അറിയിച്ചു
പ്രിയദർശന്റെ മരക്കാർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് തനിക്ക് പത്മഭൂഷൻ കിട്ടിയെന്ന കാര്യം അറിയുന്നതെന്ന് മോഹൻലാൽ പറഞ്ഞു. പ്രിയന്റെ കാക്കകുയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽവെച്ചായിരുന്നു തനിക്ക് ആദ്യമായി പത്മശ്രീ ലഭിക്കുന്നതെന്നും, ഇപ്പോൾ പ്രിയദർശന്റെ സെറ്റിൽ തന്നെ പത്മഭൂഷൻ ലഭിച്ചുവെന്ന് വാർത്ത അറിയുന്നത് വലിയൊരു നിമിത്തമായി തോന്നുന്നുവെന്നും മോഹൻലാൽ പറയുന്നു. ഇതുവരെ ലഭിച്ച എല്ലാ അംഗീകാരങ്ങളും ഒരുപാട് ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്. തീര്‍ച്ചയായും മുന്നോട്ടുള്ള യാത്രയില്‍ ഈ പുരസ്കാരവും വലിയ പ്രചോദനമാവും എന്ന് പ്രതീക്ഷിക്കുന്നു.