Don't Miss

അവൾക്കൊപ്പമോ ? അവനൊപ്പമോ ?

അവൾക്കൊപ്പമോ ?? അതോ അവനൊപ്പമോ ??…. കുറച്ചു നാളുകളായി കേരളത്തിലെ ശരാശരി സിനിമ ആരാധകരൊക്കെ കേട്ടു വെറുത്തു തുടങ്ങിയ ചോദ്യം ആണ്. ഒടുവിൽ അരുൺ ഗോപിയ്‌ക്കൊപ്പം എന്ന് തീരുമാനിച്ച് രാമലീല കണ്ടു.

സിനിമാ സംബന്ധമല്ലാത്ത കാര്യങ്ങൾ ഒഴിച്ച് നിർത്തിക്കൊണ്ട് പറയുകയാണെങ്കിൽ അടുത്തിടെ മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച പൊളിറ്റിക്കൽ ത്രില്ലെർ ആണ് രാമലീല. ശക്തമായ തിരക്കഥ, കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ, അഭിനേതാക്കളുടെ മികച്ച പ്രകടനം, ത്രില്ലിംഗ് ആയ കഥാഗതി, ആവശ്യത്തിന് മാത്രമുള്ള ഗാനങ്ങൾ എന്നിവ ചിത്രത്തിന്റെ സവിശേഷതകളാണ്. മലയാളിയുടെ സവിശേഷതയായ കുറ്റം കണ്ടുപിടിക്കലിനെ മാനിക്കുകയാണെങ്കിൽ ചിത്രത്തിന്റെ രണ്ടേമുക്കാൽ മണിക്കൂർ ദൈർഖ്യം ഒരു പരാതിയായി പറയാം. ശക്തമായ താരനിര തന്നെ അണിനിരന്ന ചിത്രത്തിൽ ചിലർക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്തതും ചെറിയ കല്ലുകടിയായി.

ദിലീപിന്റെ മുൻകാല ചിത്രങ്ങളിൽ നിന്നും തെന്നിമാറാൻ സംവിധായകൻ ബോധപൂർവമായ ശ്രമം തന്നെ നടത്തിയിട്ടുണ്ട്. തുടക്കം മുതൽക്ക് തന്നെ തനിക്ക് പറയാനുള്ള കാര്യത്തെ കുറിച്ചും, ജനങ്ങൾ ഗ്രഹിക്കേണ്ട കാര്യത്തെ കുറിച്ചും അരുൺ ഗോപിയ്ക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവമുള്ള കുടുംബത്തിൽ നിന്നും മറ്റൊരു പാർട്ടിയിലേക്ക് മാറിയ രാമനുണ്ണി എന്ന വ്യക്തി നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം

നായകനായി ദിലീപ് മികച്ച പ്രകടനം തന്നെ നടത്തിയിരിക്കുന്നു. കെട്ടുറപ്പുള്ള കഥയും കഥാപാത്രവും ലഭിച്ചാൽ നടനെന്ന നിലയിൽ തനിക്കെന്ത് ചെയ്യാനാവും എന്ന ഒരു ഓർമപ്പെടുത്തലാണ് ദിലീപിന് ഈ ചിത്രം. രാധിക ശരത്കുമാർ മലയാളത്തിലേക്കുള്ള തന്റെ തിരിച്ചുവരവ് ഗംഭീരമാക്കി. മുകേഷ് സിദ്ധിഖ് കലാഭവൻ ഷാജോണ് തുടങ്ങിയവരും മികച്ചു നിന്നു. ഷാജോൺ ദിലീപ് കോമ്പിനേഷൻ സീനുകൾ നന്നായിരുന്നു. കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നെങ്കിലും പ്രയാഗ മാർട്ടിനും കഥാപാത്രത്തിനോട് നീതി പാലിച്ചു.

മാംസത്തിനും മജ്ജയ്ക്കുമപ്പുറം കമ്മ്യൂണിസത്തിന്റെ അസ്ഥിത്വത്തെ ആണ് ചിത്രം ചോദ്യം ചെയ്യുന്നത്. പുറത്ത് നിൽക്കുന്ന ഒരാളിലൂടെ ആരാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് എന്ന ചോദ്യത്തിന് ഉത്തരം നല്കാൻ ചിത്രം ശ്രമിക്കുന്നു. ഇന്നത്തെ സാമൂഹ്യാന്തരീക്ഷത്തെ കണക്കിന് കളിയാക്കുന്നുണ്ട് ചിത്രം.
ഇനി അവസാന വാക്ക് എന്ന നിലയിൽ….ഇന്നത്തെ രാഷ്ട്രീയ സാമൂഹിക പരിസ്ഥിതിയിൽ വളരെ പ്രസക്തി ഉള്ള സംഭവങ്ങളാൽ ഒട്ടനവധി പ്രശ്നങ്ങൾ നേരിട്ട് എത്തിയ ചിത്രമാണ് രാമലീല. പ്രേക്ഷക പ്രശംസ നിസ്സംശയം അർഹിക്കുന്ന ചിത്രം തിയേറ്ററിൽ തന്നെ കണ്ടറിയുക.

അവൾക്കൊപ്പമോ അവനൊപ്പമോ എന്ന ചോദ്യത്തിന് ചിത്രത്തിന്റെ അവസാനം പ്രേക്ഷകർ നൽകിയ നിർത്താത്ത കയ്യടിക്ക് തങ്ങൾ സിനിമയ്ക്കൊപ്പം എന്ന അർഥം കൂടിയുണ്ടായിരുന്നു, അതിൽ സന്തോഷം

Total
0
Shares

About admin