Don't Miss

കല്യാണിയുടെ വാക്കുകൾ പ്രിയദർശന്റെ കണ്ണ് നനയിച്ചു

പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണി നായികയായി അരങ്ങേറ്റം കുറിക്കുന്ന തെലുങ്ക് സിനിമയാണ് ഹലോ. നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനിയാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു.പ്രധാന അതിഥി പ്രിയ സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നെയായിരുന്നു. വികാരനിർഭരമായ ചില നിമിഷങ്ങളും ഓഡിയോ ലോഞ്ച് വേദിയിലുണ്ടായ.

ചടങ്ങില്‍ സംസാരിക്കുന്നതിനിടെ കല്ല്യാണി അച്ഛനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ അത്രമേല്‍ വികാരഭരിതമായിരുന്നു. ജീവിതത്തിലെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ അച്ഛനും അമ്മയുമാണ്. സിനിമാലോകത്ത് ചുവടുവയ്ക്കുന്നതും അവര്‍ നല്‍കിയ പിന്തുണ കൊണ്ട് മാത്രമാണെന്നും കല്ല്യാണി പറഞ്ഞു.

കല്യാണിയുടെ വാക്കുകള്‍ക്ക് മുന്നില്‍ പ്രിയദര്‍ശന്റെ കണ്ണുകള്‍ നിറയുകയായിരുന്നു. ‘40 വര്‍ഷത്തിനിടയില്‍ 92 സിനിമകള്‍ ചെയ്തു. എങ്കിലും ഈ നിമിഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ചത്.അഖിലിന്റെ അപ്പൂപ്പന്‍ അക്കിനേനി നാഗേശ്വര റാവു, അച്ഛന്‍ നാഗാര്‍ജുന, അമ്മ അമല എന്നിവരോടൊപ്പം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ഇന്ന് അഖില്‍ എന്റെ മകളോടൊപ്പം അഭിനയിക്കുന്നു. ഇതിനപ്പുറം എനിക്ക് എന്ത് വേണം?’

‘എന്റെ സഹസംവിധായകരില്‍ ഒരാളായ വിക്രമാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇന്ന് എന്നേക്കാള്‍ മികച്ച സംവിധായകനാണ് അവന്‍. മകളെ സിനിമയില്‍ പരിചയപ്പെടുത്തി. ഇതിലും വലിയ ഗുരുദക്ഷിണ നീ എനിക്ക് തരാനില്ല. നന്ദി വിക്രം’. ഇടറിയ സ്വരത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞു. പ്രിയദർശന്റെ വാക്കുകൾ കേട്ട വിക്രം സദസില്‍ നിന്ന് എണീറ്റ് വികാരഭരിതനായി അദ്ദേഹത്തെ നോക്കി നന്ദി അറിയിച്ചു.

Total
0
Shares

About admin