Don't Miss

‘മനുഷ്യനായി ചിന്തിച്ചാൽ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്’

പാലക്കാട് അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസിയുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണനുമായി നടന്‍ മമ്മൂട്ടി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിയുടെ വികാരപരമായ പ്രതികരണം. മധുവിനെ ആദിവാസി എന്ന് വിളിക്കരുതെന്നും ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നെന്നും പറഞ്ഞാണ് മമ്മൂട്ടിയുടെ പോസ്റ്റ് ആരംഭിക്കുന്നത്.പട്ടിണി മാറ്റാന്‍ ആഹാര സാമഗ്രഹികള്‍ മോഷ്ടിച്ചതിനാണ് മധുവിനെ ചിലര്‍ മര്‍ധിച്ച് കൊന്നത്. വിശപ്പടക്കാന്‍ മോഷ്ടിച്ചവനെ കള്ളനെന്ന് വിളിക്കരുതെന്ന് മമ്മൂട്ടി തന്റെ കുറിപ്പില്‍ പറയുന്നു.

മമ്മൂട്ടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു. ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാൽ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരൻ. വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആൾക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുൾവടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യൻ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യൻ എന്ന നിലയിൽ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മൾ എങ്ങനെയാണ് പരിഷ്കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു… മാപ്പ്

Total
0
Shares

About admin