Don't Miss

‘മമ്മൂട്ടിയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത വേഷപ്പകർച്ചകൾ മാമാങ്കത്തിൽ കാണാം’ : സംവിധായകൻ സജീവ് പിള്ള

മമ്മൂട്ടിയുടെ ഏറ്റവും പുതിയ പ്രോജക്റ്റായ ‘മാമാങ്കം’ അതിന്റെ രണ്ടു ഷെഡ്യുളുകൾ പൂർത്തിയായെന്നും, ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും സവിശേഷമായ ഒന്നായി മാറുമെന്നും ചിത്രത്തിന്റെ സംവിധായകൻ സജീവ് പിള്ള.

സജീവിന്റെ കന്നി സംരംഭമാണ് ‘മാമാങ്കം’. സാമൂതിരിയെ കൊല്ലാനായി പുറപ്പെടുന്ന ചാവേറുകൾ, അത് നടപ്പിലാക്കാൻ കഴിയാതെ വന്നാൽ സ്വന്തം ജീവഹാനി ഉറപ്പാണെന്ന ബോധവും പേറി, വീറോടെ വാശിയോടെ പൊരുതുന്ന കഥയാണ് ‘മാമാങ്കം’ പറയുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് പറയാൻ സംവിധായകൻ സജീവ് പിള്ളയ്ക്ക് നൂറു നാവാണ്.

സജീവ് പിള്ളയുടെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം :-

“പ്രിയപ്പെട്ടവരെ,

നമ്മുടെ പടത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളും പൂർത്തിയായി. ആക്ഷന് മുൻതൂക്കമുണ്ടായിരുന്നു ഒന്നാം ഷെഡ്യൂളിൽ. തികച്ചും വിഭിന്നമായിരുന്നു ഈ ഷെഡ്യൂൾ. പ്രതികൂലമായിരുന്ന പരിതസ്ഥിതിയിൽ തുടങ്ങേണ്ടി വന്നെങ്കിലും പൂർത്തീകരിക്കാൻ കഴിയുകയും ചെയ്തു.

ആരാധിക്കപ്പെടുന്ന മഹാധീരന്മാരുടെ ചരിത്രത്തോടൊപ്പമാണ് യാത്രയെങ്കിലും വലിയ ചരിത്രമുഹൂർത്തങ്ങളിലെ ഒറ്റപ്പെട്ട നിലപാടുകളുടെ സുധീരതയും സ്ഥൈര്യവും കൂടിയാണ് ഈ സിനിമയിലെ ഭൂമിക. അവിടെ ഒറ്റപ്പെടുന്നവരുടെ ജീവിതാവസ്ഥകളും.
അവിടെയാണ്, സൂഷ്മതകളിൽ അസാധാരണമായ ശ്രദ്ധവച്ച്, ഒരു മഹാനടൻ വിവിധങ്ങളായ വികാരങ്ങളുടെ വലിയ ദേശത്ത് സിനിമയെ നയിക്കുന്നത്. അദ്ദേഹത്തിന്റെ സ്ക്രീൻ ഇമേജിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ആ വേഷപ്പകർച്ചകൾക്ക്, മമ്മൂക്കയോട് എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. സൂക്ഷ്മഭാവങ്ങളിലെ അസാധാരണ ശ്രദ്ധ അത്ഭുതപ്പെടുത്തുന്നതായിരുന്നു.

അവിശ്വസനീയമായ ആ സൂക്ഷ്മാഭിനയം എനിക്ക് ഒരുപാട് ധൈര്യം തരുന്നു. എല്ലാവർക്കും ഇഷ്ടപ്പെടുന്ന, രസിപ്പിക്കുന്ന, നമ്മുടെ മണ്ണിലും വേരുകളിലും ചരിത്രത്തിലും തന്നെ നിൽക്കുന്നതാവണം ഈ സിനിമ.
കണ്ണീരും രക്തവും വീണുകിടക്കുന്ന ചരിത്രത്തിന്റെ ഏടുകളിലൂടെയാണ് യാത്ര. അത്ര എളുപ്പമാവില്ല ഒന്നും. വലിയ ആക്ഷനും വലിയ വികാരങ്ങളും ഉറച്ച വിശ്വാസവും അനിവാര്യം.
വാർപ്പ് മാതൃകകളിൽ നിന്ന് വ്യത്യസ്തമായ, ആക്ഷനിലൂടെയും വൈകാരിക തീവ്രതകളിലൂടെയും കടന്ന് പോകുന്ന ഈ വലിയ സിനിമയുടെ സ്ക്രിപ്ടിനെ പൂർണ്ണബോധ്യത്തോടെ ഏറ്റെടുത്ത പ്രിയപ്പെട്ട വേണു സാറിന്റെ പിന്തുണ തന്നെയാണ് ഏറ്റവും പ്രധാനം. നന്ദി.
ഒപ്പം നിൽക്കുന്ന അനവധി പേരുടെ ശക്തിയിലും ഊർജ്ജത്തിലും മാത്രമാണ് ഓരോ നിമിഷവും നിൽക്കുന്നതും.

ഒരുപാട് നാളത്തെ യാത്രയും പ്രയത്നവും കാത്തിരിപ്പുമാണ്. ഇതേ വരെയുള്ള വഴികളൊന്നും അനായാസമായിരുന്നില്ല….. ഇനിയും പോകാനുമുണ്ട്. പകുതിയിലും അല്പമധികം…”

Total
0
Shares

About admin