പ്രിയദര്ശന്-മോഹന്‍ലാല്‍ ടീമിന്റേതായി ഇതിനകം പ്രഖ്യാപിക്കപ്പെട്ട ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലാണ് ഇരുവരും സ്ക്രീനിലെത്തുക. കുഞ്ഞാലിമരയ്ക്കാരുടെ ചെറുപ്പകാലമാവും പ്രണവ് സ്ക്രീനിലെത്തിക്കുക. താരനിര്‍ണയം പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറില്‍ ആരംഭിക്കുമെന്നാണ് വിവരം. നൂറു കോടി മുതല്‍മുടക്കില്‍ ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്റര്ടെയ്ന്മെന്റും ചേര്‍ന്നാണ്.
ആദി എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ബ്ലോക്ക്ബസ്റ്റർ വിജയം സമ്മാനിച്ച് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ പ്രണവ് മരക്കാരിൽ എത്തുന്നു എന്ന വാർത്ത ഔദ്യോഗികമായി സ്ഥിതീകരിച്ചു കഴിഞ്ഞു. ഇതോടു കൂടി മോഹൻലാൽ ആരാധകരുടെയും സിനിമാ പ്രേമികളുടെയും ആവേശം വാനോളമായി കഴിഞ്ഞു. വമ്പൻ താര നിരയാണ് ഈ ചിത്രത്തിന്റെ മുഖ്യ ആകർഷണം. മധു, പ്രഭു എന്നിവരെ ഈ ചിത്രത്തിൽ കാസ്റ്റ് ചെയ്ത വിവരം ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ഇവരെ കൂടാതെ നാഗാർജുന, സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരും ഈ ചിത്രത്തിൽ ഉണ്ടാകും എന്നാണ് സൂചന.
സാബു സിറിൽ കലാസംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ ആരാണെന്നും ഉടൻ അറിയിപ്പ് വരും. മരക്കാരിൽ ഒരു ചെറിയ വേഷത്തിൽ ആണ് പ്രണവ് എത്തുകയുള്ളൂ എങ്കിലും മോഹൻലാൽ ചിത്രത്തിൽ പ്രണവ് വരുന്നത് തന്നെ ഏറെ ആവേശം പകരുന്ന കാര്യമാണ്.പ്രണവ് മോഹൻലാൽ നായകനാവുന്ന അടുത്ത ചിത്രം അരുൺ ഗോപി ആണ് സംവിധാനം ചെയ്യുക. ഈ ചിത്രം അടുത്ത മാസം ആരംഭിക്കും.