മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ സംവിധാനം ചെയ്ത ചിത്രം നീരാളി ഈ വർഷം മോഹൻലാലിന്റേതായി പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ്. പൂർണ്ണമായും മുംബൈയിൽ ചിത്രീകരിച്ച ചിത്രം ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയൊരുക്കിയ ത്രില്ലർ ചിത്രമാണ്. ചിത്രത്തിൽ സണ്ണി എന്ന ജെമ്മോളജിസ്റ്റായി മോഹൻലാൽ എത്തുമ്പോൾ. ദിലീഷ് പോത്തൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളായി എത്തുന്നു. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം നദിയാ മൊയ്തു മോഹൻലാലിന്റെ നായികയായി എത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി നിരാളിക്കുണ്ട്. ബോളിവുഡിലെ വമ്പൻ ടെക്നീഷ്യന്മാരുൾപ്പെടെ അണിനിരന്ന ചിത്രത്തിൻറെ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത് ബോളിവുഡ് ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിലാണ്. പുറത്തുവന്നുകൊണ്ടിരിക്കുന്ന ഓരോ പോസ്റ്ററുകളും സ്റ്റില്ലുകളുമെല്ലാം ആരാധകരെ ആവേശത്തിലാക്കി കൊണ്ടിരിക്കുമ്പോഴാണ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവന്നത്. ഏറെ തരംഗമായ മോഷൻ പോസ്റ്റിനു ശേഷമാണ് ചിത്രത്തിന്റെ തകർപ്പൻ ടീസർ ഇന്ന് പുറത്തുവന്നത്.