മികച്ച കഥാപാത്രം ലഭിച്ചാല്‍ സിനിമയിലേക്ക് മടങ്ങിവരുമെന്ന് പാര്‍വതി. തിരിച്ചു വരവിനായി നല്ല സിനിമയ്ക്കു വേണ്ടി കാത്തിരിക്കുകയാണെന്നും പാര്‍വതി പറഞ്ഞു. ജയറാമും മക്കളും ഈ കാര്യത്തില്‍ പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്. തിരിച്ചു വരുന്ന കഥാപാത്രം മികച്ചതായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് പാര്‍വ്വതി വ്യക്തമാക്കി.
1986ല്‍ ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത വിവാഹിതരേ ഇതിലേ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാര്‍വതി അക്കാലത്ത് ഒട്ടനവധി മികച്ച ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. 1992ല്‍ ജയറാമുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നു മാറിനിന്ന പാര്‍വതി തിരിച്ചുവരവിനായി ഒരു നല്ല ചിത്രം ലഭിക്കാന്‍ കാത്തിരിക്കുകയാണെന്നാണ് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. അഭിനയത്തിലേക്ക് തിരിച്ചുവന്നാലും ജയറാമിനൊപ്പമോ മകന് കാളിദാസിനൊപ്പമോ അഭിനയിക്കില്ലെന്നും പാര്‍വതി വ്യക്തമാക്കി.
കണ്ണന് എന്നോട് പറഞ്ഞിരുന്നു അവന്റെ അമ്മ കഥാപാത്രമായി തിരിച്ചു വന്നുകൂടേയെന്ന്. എന്നെ സംബന്ധിച്ച് അവനെ ആശ്രയിച്ച് സിനിമയിലേയ്ക്കു വരാന്‍ താല്‍പ്പര്യമില്ല. എന്റെ സ്വപ്നം എന്റെ കഥാപാത്രങ്ങള്‍ മികച്ചതായിരിക്കണമെന്നതാണ്. കണ്ണന്റെ അമ്മയായി സ്ക്രീനില്‍ അഭിനയിക്കാന്‍ എന്നേക്കാള്‍ നല്ല നടിമാരുണ്ട്. ജയറാമിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. സിനിമയില്‍ വ്യത്യസ്തത അനുഭവപ്പെടാന്‍ ഞങ്ങള്‍ക്കു പകരം കണ്ണന്റെ മാതാപിതാക്കളായി മറ്റു താരങ്ങള്‍ അഭിനയിക്കുന്നത് തന്നെയാണ് നല്ലത് പാര്‍വ്വതി പറഞ്ഞു.