Don't Miss

എല്ലാ നോവുകൾക്കുമപ്പുറം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴചേരലിന്റെ ഭംഗി തുറന്നുകാണിച്ച് ഒരു ചിത്രം

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴചേരലിന്റെ ഭംഗി തുറന്നുകാണിക്കുന്ന ഒരു മനോഹര ചിത്രമാണ് ആരാധകർ അക്ഷമരായി കാത്തിരുന്ന പേരൻപ്. നിരവധി ഫെസ്റ്റിവലുകളിൽ ശ്രദ്ധയാകർഷിച്ച ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് അസ്ഥാനത്തല്ലെന്ന് തുറന്നുകാണിക്കുകയാണ് പേരൻപ് എന്ന ചിത്രം.
സ്പാസ്റ്റിക് പരാലിസിസ് ബാധിതയായ കുട്ടിയും അവളുടെ അച്ഛനും അനുഭവിക്കുന്ന ആത്മസംഘർഷങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പേരൻപ്. കട്രത് തമിഴ്, തങ്കമീന്‍കള്‍, തരമണി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ റാം എന്ന സംവിധായകന്റെ മറ്റൊരു അത്ഭുത ചിത്രം.

പുതുമയാർന്ന അവതരണ രീതികൊണ്ടും ദൃശ്യ മികവിനാലും കഥാ പശ്ചാത്തലത്താലും മറ്റു ചിത്രങ്ങളിൽ നിന്നും പേരൻപ് വേറിട്ടു നിൽക്കുമ്പോഴും ചിത്രത്തിന്റെ മുഖ്യ ആകർഷണം മമ്മൂട്ടി എന്ന അതുല്യ പ്രതിഭയുടെ അഭിനയം തന്നെയാണ്.

സ്നേഹവും പ്രണയവും അനുകമ്പയും ദാരിദ്രവും ദേഷ്യവുമടക്കം എല്ലാ ഭാവങ്ങളും തികഞ്ഞ കൃത്യതയോടെ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ കലാകാരനാണ് മമ്മൂട്ടി. കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളും വികാരങ്ങളും കൃത്യമായും സൂക്ഷ്മമായും വരച്ചുകാണിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രമാണ് പേരൻപ് എന്ന് തെറ്റുകൂടാതെ പറയാം.
മുന്‍പൊരുക്കിയ ചിത്രങ്ങളിലെല്ലാം തന്റേതായ കൈയൊപ്പ് ചാര്‍ത്തിയ സംവിധായകനൊപ്പം മമ്മൂട്ടി കൂടി എത്തുമ്പോള്‍ മറ്റൊരു മാജിക് തന്നെയാണ് ഇന്ത്യൻ സിനിമയ്ക്ക് പേരൻപ് യാഥാർഥ്യമാക്കിത്തന്നത്.

ശാരീരിക അസ്വസ്ഥതകൾ ഉള്ള ഒരു പെൺകുട്ടിയുടെ അച്ഛനായ അമുദൻ എന്ന ശക്തമായ കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപെടുന്നത്.. അച്ഛനും മകളും തമ്മിലുള്ള ബന്ധവും ഇരുവരും കടന്നുപോകുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം. പിതാവായി മമ്മൂട്ടി ചിത്രത്തിൽ മികച്ച അഭിനയം കാഴ്ചവെയ്ക്കുമ്പോൾ സ്പാസ്റ്റിക് പരാലിസിസ് എന്ന അസുഖം ബാധിച്ച പെൺകുട്ടിയായി സാധനയും കാഴ്ച്ചക്കാരന്റെ ഹൃദയം കീഴടക്കി.

ഒരു സിനിമ കാണുന്നുവെന്ന തലത്തിനപ്പുറത്തുള്ള വൈകാരികമായ പ്രതലത്തിലേക്ക് കാഴ്‌ചക്കരെ കൂട്ടിക്കൊണ്ടുപോകാൻ മമ്മൂട്ടിക്കും സാധനയ്ക്കും കഴിഞ്ഞു. ഒരു സങ്കടക്കടല്‍ തന്നെ ഉള്ളിലൊതുക്കി ജീവിക്കുന്ന കഥാപാത്രമാണ് ടാക്‌സി ഡ്രൈവറായ അമുദവൻ.

മീര എന്ന കഥാപാത്രമായി അഞ്ജലി അമീർ വെള്ളിത്തിരയിൽ ജീവിച്ചപ്പോൾ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ അതിജീവനവും വളരെ സത്യസന്ധമായി വെള്ളിത്തിരയിൽ എത്തിക്കാൻ റാമിന് കഴിഞ്ഞു.

ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടായപ്പോഴും മകളോടുള്ള അമിതമായ വാത്സല്യം ആ പിതാവിനെ ശക്തനാക്കികൊണ്ടേയിരുന്നു. നാട്ടിലും കുടുംബത്തിലും ഒറ്റപെടലുകൾ നേരിടേണ്ടിവന്നതോടെ രോഗബാധിതയായ മകളെയും കൂട്ടി ‘മനുഷ്യർ ഇല്ലാത്ത പക്ഷികൾ മരിക്കാത്ത ഒരിടം തേടി യാത്ര’യാകുകയാണ് ഈ പിതാവ്. ശാരീരിക പരിമിതികളിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ നോക്കുന്ന ഒരു പിതാവിന്റെ പരിമിതികള്‍ സൃഷ്ടിച്ച ദൈന്യത അതിഗംഭീരമായാണ് മമ്മൂട്ടി സ്‌ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്. മകൾക്ക് പ്രായപൂർത്തിയായ ഘട്ടത്തിൽ ശാരീരികമായും മാനസികമായുമുള്ള അവളിലെ മാറ്റങ്ങൾ പേടിയോടെ നോക്കിക്കാണുന്ന അച്ഛൻ എല്ലാ സാധാരണ ആളുകളെയും പോലെ അവളിലും വികാരങ്ങൾ ഉണ്ടാകുന്നതായി തിരിച്ചറിയുന്നു..

148 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ അമുദവനും മകള്‍ക്കുമൊപ്പം ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ് പ്രകൃതി. പന്ത്രണ്ട് അധ്യായങ്ങളുടെ രൂപത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ഓരോ ഭാഗങ്ങൾക്കും പ്രകൃതിയുടെ വ്യത്യസ്ഥ ഭാവങ്ങളാണ്..സിനിമയെ ഏറ്റവും മനോഹരമാക്കാൻ മികച്ച പിന്തുണയാണ് ഛായാഗ്രാഹകനായ തേനി ഈശ്വറും ചിത്രത്തോട് ചേർന്ന് നിൽക്കുന്ന സംഗീതം ഒരുക്കി യുവാൻ രാജയും ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരും നൽകിയിരിക്കുന്നത്.

Total
0
Shares

About admin