വ്ളോഗർ ശ്രീകാന്ത് വെട്ടിയാരെ അറസ്റ്റ് ചെയ്യാൻ നീക്കമാരംഭിച്ച് കൊച്ചി പൊലീസ്. ബലാത്സംഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണ്.
അതേ സമയം മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ എത്തും മുമ്പേ പിടികൂടാനാണ് പോലിസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. കൊല്ലം സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസമാണ് ശ്രീകാന്ത് വെട്ടിയാർക്കെതിരെ പരാതി നൽകിയത്.
2021 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ളാറ്റില്‍വെച്ചും പിന്നീട് നവംബറിൽ കൊച്ചിയിലെ ഹോട്ടലില്‍വെച്ചും തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
എട്ട് വയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി കൊച്ചിയിൽ താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്. പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രീകാന്ത് വെട്ടിയാർ സുഹൃത്തുക്കൾവഴി പലവട്ടം സമ്മർദ്ദം ചെലുത്തിയെന്നും പറയുന്നു
കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി നേരിട്ട് പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് വിമന്‍ എഗെയ്നിസ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണങ്ങള്‍ ഉയര്‍ന്നത്.
അതേ സമയം ശ്രീകാന്ത് വെട്ടിയാർക്കായി തെരച്ചിൽ ഊർജ്ജിതമാക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശം നൽകി. ശ്രീകാന്തിനെ തേടി പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്ച്ചയായി ശ്രീകാന്ത് ഒളിവിലാണെന്ന് പൊലീസ് പറയുന്നു.