കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി മലയാള സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് പൂമരം. 1983 , ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്ക് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ശ്രദ്ധ ആകർഷിക്കുന്നത് കാളിദാസ് ജയറാമിന്റെ നായകനായുള്ള മലയാളത്തിലെ അരങ്ങേറ്റ ചിത്രം എന്ന നിലയിലാണ്. അത് കൂടാതെ ഈ ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന് തുടങ്ങുന്ന ഒരു ഗാനവും വമ്പൻ ഹിറ്റ് ആയതോടെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകർ വർധിച്ചു. പക്ഷെ ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീണ്ടു പോകുന്ന കാഴ്ചയാണ് പിന്നീട് നമ്മൾ കണ്ടത്. ഇന്ന് നാളെ എന്ന രീതിയിൽ റിലീസ് നീണ്ടു പോയ ഈ ചിത്രം ഒടുവിൽ ഈ ക്രിസ്മസ് വെക്കേഷൻ സമയത്തു തീയേറ്ററുകളിൽ എത്തുമെന്നാണ് ഒടുവിൽ റിപ്പോർട്ട് ലഭിച്ചത് എങ്കിലും , പുതിയ റിപ്പോര്‍ട്ട് പ്രകാരം അടുത്ത വര്‍ഷമേ ചിത്രം തിയേറ്ററുകളിലെത്തു.
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം പൂമരം അടുത്ത വർഷം ഫെബ്രുവരിയിൽ ആണ് പ്രദര്‍ശനത്തിനെത്തുക . ഈ വർഷം ഫെബ്രുവരിയിൽ എത്തും എന്ന രീതിയിൽ ചിത്രീകരണം തുടങ്ങിയ പൂമരം കാണാൻ ഇനി അടുത്ത വർഷം ഫെബ്രുവരി വരെ കാത്തിരിക്കണം. എബ്രിഡ് ഷൈൻ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡോക്ടർ പോൾ വർഗീസും എബ്രിഡ് ഷൈനും ചേർന്നാണ്. കുഞ്ചാക്കോ ബോബനും മീര ജാസ്മിനും ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫൈസൽ റാസി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നത് എറണാകുളത്തെ പ്രശസ്തമായ മഹാരാജാസ് കോളേജിന്റെ പശ്ചാത്തലത്തിൽ ആണ്. ഒട്ടേറെ പുതുമുഖങ്ങൾ ഈ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറുന്നുണ്ട്.
എബ്രിഡ് ഷൈൻ ഒരുക്കിയ ആദ്യ രണ്ടു ചിത്രങ്ങളിലും നിവിൻ പോളി ആയിരുന്നു നായകൻ. രണ്ടു ചിത്രങ്ങളും നിരൂപക പ്രശംസയും ബോക്സ് ഓഫീസ് വിജയവും നേടിയ ചിത്രങ്ങൾ ആണ്. അതുകൊണ്ടു തന്നെ പൂമരത്തിൽ പ്രേക്ഷകർക്കുള്ള പ്രതീക്ഷയും ഏറെ വലുതാണ് എന്ന് പറയേണ്ടി വരും. കാളിദാസ് ജയറാം അടുത്തതായി അഭിനയിക്കാൻ പോകുന്നത് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ്.