ഒരു വിളിപ്പാടകലെ ട്രെയിനിന്റെ ചൂളംവിളിദൂരത്ത് വേഗം കുറഞ്ഞു വരുന്ന എഞ്ചിന്റെ ഞരക്കത്തിനൊപ്പം സ്പഷ്ടമാകുന്നത് അവളുടെ വശ്യമായ നോട്ടം തന്നെയാണ്. ഒരു മഴയ്ക്കൊപ്പം പെയ്തിറങ്ങുന്ന, നിബന്ധനകളില്ലാതെ പ്രണയമായ് പടരുന്നവളുടെ.. ക്ലാരയുടെ.. വിളിച്ചാല്‍ വിളി കേള്‍ക്കാത്ത ആകാശദൂരത്ത് പൊട്ടിച്ചിരികള്‍ക്കൊപ്പം മീരയും നിമ്മിയും സാലിയും ശാലിനിയുമൊക്കെ മേഘങ്ങളുടെ പതുപതുത്ത കൊട്ടാരത്തിന്റെ കിളിവാതുക്കല് വന്ന് കണ്ണെറിയുന്നുണ്ടാകാം. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന മുന്തിരിത്തോപ്പുകളില്‍ കാക്കത്തൊള്ളായിരം മധുവിധുകള്ക്കിപ്പുറവും സോളമനും സോഫിയയും പുതുമോടികളെ പോലെ പ്രണയപരവശരാകുന്നുണ്ടാകാം. തീവ്രവേദന കടിച്ചമര്‍ത്തി ഗൗരിയെ അറിയില്ലെന്ന് സ്വയം പഠിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട് നരേന്ദ്രന് തിരിഞ്ഞു നടക്കുമ്പോഴും ഒരിക്കലും വിളികേള്‍ക്കാത്ത അകലത്തിലേക്ക് പൊയ്ക്കഴിഞ്ഞ സക്കറിയയുടെ പേരും നീട്ടി വിളിച്ചു ഗോപി അന്വേഷിച്ചു നടക്കുമ്പോഴും പടര്‍ന്ന ചുവപ്പ് തന്നെയാണ് ഇന്നും ഓര്‍മ്മകളുടെ നിറവില്‍ ദീപ്തമാകുന്ന സന്ധ്യയുടെ നുണക്കുഴികള്‍ക്ക്.
ചിരികളില്‍.. നോട്ടങ്ങളില്‍.. പറച്ചിലുകളില്‍.. എന്തിന് മൗനത്തില്‍ പോലും പല കോണുകളില്‍ നിന്ന് പലതായി ഗ്രഹിക്കാവുന്ന മാസ്മരികതയൊളിപ്പിച്ച കഥാപാത്രങ്ങളെ അഭ്രപാളിയില്‍ ബാക്കിയാക്കി ഗന്ധര്വ്വന് അപ്രത്യക്ഷനായിട്ട് ഇരുപത്തിയേഴാണ്ടുകള് പിന്നിട്ടിരിക്കുന്നു. ആദ്യം എഴുത്തിലൂടെയും പിന്നീട് അവയ്ക്ക് ദൃശ്യഭാഷ്യത്തിന്റെ അലങ്കാരം അണിയിച്ചും അതുവരെ കണ്ട മലയാള സിനിമയില്‍ നിന്ന് വ്യതിചലിച്ച് കാലാതീതമായ അമൂല്യ ചലച്ചിത്രങ്ങളാല്‍ അനുഗ്രഹം ചൊരിഞ്ഞ ഗന്ധര്വ്വന്. ഗന്ധര്വ്വാപഹാരം എന്ന് ഇന്നും അത്യധികം സ്നേഹത്തോടെ ചലച്ചിത്ര പ്രേമികള്‍ വിളിക്കുന്ന പതിനാറു സംവത്സരങ്ങളുടെ ഭാണ്ഡത്തിനിന്നും പുതുമയുടെ മിഴിവാണ്. പഴമ മണക്കുന്ന കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും ഇന്ന് പിറന്നു വീണത് പോലുള്ള മേല്ച്ചൂടാണ്. നീട്ടി വളര്‍ത്തിയ ചുരുണ്ട ദീക്ഷയോടെ പാതിയടഞ്ഞ മിഴികളോടെ അയാള്‍ ഏതോ കോണിലിരുന്ന് മഷി നിറച്ച പേനയുമായി മന്ദഹസിക്കുന്നുണ്ട്. ചുരുങ്ങിയ കാലത്തേക്ക് മാത്രം അവതരിക്കാന്‍ നിയോഗിക്കപ്പെട്ട ഗന്ധര്വ്വന് തിരിച്ചു സ്വര്‍ഗ്ഗം പൂകിയതിനു ശേഷം ഭൂമിയിലെ തന്റെ വിഹാരകേന്ദ്രങ്ങളെ നോക്കി കണ്ടു നിര്‍വൃതി അടയും പോലെ.
“വീണ്ടും എനിക്ക് തെരുവു വിളക്കുകള്‍ നഷ്ടമാകാന്‍ പോകുന്നു. ഇത്തവണ എത്ര കാലത്തേക്ക് എന്നറിയില്ല. പക്ഷേ ഒരാശ്വാസം ഉണ്ട്. ഇപ്പ്രാവശ്യം എനിക്കെതിരെ സാഹചര്യ തെളിവുകള്‍ ഒന്നുമില്ല. ഉള്ളത് മുഴുവന്‍ തെളിവുകള്‍ ആണ്. എന്റെ ദേഹത്തും ഷര്‍ട്ടിലും വരെ തെളിവുകള്‍. മറ്റേതുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇതിനൊരുപാട് സുഖം ഉണ്ട്” ഒടുവില്‍ വണ്ടി ജെയിലിലേക്ക് തിരിച്ച് ഫാബിയന്റെ ശവം ഡിക്കി പൊക്കി പോലീസുകാര്‍ക്ക് കാണിച്ചു കൊടുത്ത് കൊണ്ടുള്ള അയാളുടെ വീരരസപ്രധാനമായ ചിരി. അതിനു മുകളില്‍ തെളിയുന്ന ടൈറ്റില്‍ – ‘a film by padmarajan’]
പി പദ്മരാജന്. മലയാളത്തെ എഴുപതുകളുടെ പാതി മുതല്‍ ഞെട്ടിച്ച അതുല്ല്യന്‍. ‘ഇസം’ (ism) എന്നത് എല്ലായ്പ്പോഴും ഒരു സിദ്ധാന്തത്തെയോ പ്രത്യയശാസ്ത്രത്തെയോ കലാപ്രസ്ഥാനങ്ങളെയോ കുറിക്കുന്നതിന് വേണ്ടി നിലകൊള്ളുന്ന പ്രത്യയമാണ് എന്നിരിക്കേ സിനിമയുടെ വ്യവസ്ഥാനുരൂപമായ ഇസങ്ങളില്‍ പെടുത്തിയാല്‍ പൂര്‍ണ്ണമാകാത്ത വിധം അതുല്ല്യമായൊരു അപഹാരം പദ്മരാജന്റെ ചലച്ചിത്രഭാഷ്യങ്ങള്‍ക്ക് ഉണ്ടായിരുന്നു. ‘പത്മരാജനിസം’ എന്നതില്‍ കുറഞ്ഞൊന്നും വിളിക്കാന്‍ സാധിക്കാത്ത എന്തോ ഒരു മാന്ത്രികത. രാമനോ ക്ലാരയോ ജീവനോ വിശ്വമോ മീരയോ നരേന്ദ്രനോ ഒന്നും ഒരുപക്ഷേ ആ മാന്ത്രികതയിലല്ല അവതരിപ്പിക്കപ്പെട്ടതെങ്കില്‍ ഇത്രയേറെ ആഴത്തില്‍ നമ്മുടെ ബോധമണ്ഡലങ്ങളില്‍ കടന്നു കൂടില്ലായിരുന്നു.
“അതെല്ലാം വിശ്വനാഥന്റെ ആയിരുന്നില്ലേ? എനിക്കിനി അവനായിട്ട് മാത്രമേ കഴിയാനൊക്കൂ.. ഉത്തമനായിട്ട്” അച്ഛനോട് അത്രയും പറഞ്ഞവസാനിപ്പിച്ചിട്ട് കത്തിയമര്‍ന്ന ചിത നോക്കി നില്ക്കുന്ന വിശ്വന്. ഒടുവില്‍ ഉയര്‍ന്നു വരുന്ന ആ പശ്ചാത്തല സംഗീതത്തിനൊപ്പം ആ മുഖത്ത് തെളിഞ്ഞു വരുന്ന നിഗൂഡമായ ചിരി. ചിതയ്ക്ക് മേലെ പടരുന്ന അവന്റെ നിഴല്‍.. നിര്വൃതിയടഞ്ഞെന്ന പോലെ അവനും ആകാംക്ഷയുടെ മുള്‍മുനയില്‍ കാഴ്ചക്കാരനും അങ്ങനെ നില്ക്കുമ്പോള് പതിയെ താഴെ നിന്ന് മേലേക്ക് നിരങ്ങി വരുന്ന ടൈറ്റിലുകള്‍..
ഒരാള്‍ അനശ്വരനാകുന്നത് എങ്ങനെയാണ്? മറ്റു മേഖലകളിലെ പ്രതിഭകള്ക്കില്ലാത്ത, എന്നാല്‍ കലാകാരന് മാത്രം കിട്ടുന്ന വിശേഷാധികാരമാണ് ‘അനശ്വരത’. അയാളുടെ സൃഷ്ടികള്‍ എക്കാലവും ഹൃദയങ്ങളില്‍ നിലനില്ക്കാന് ഉതകുന്നവയാകുമ്പോള്, അയാളെ പോലെ എന്ന് ചൂണ്ടിക്കാണിക്കാന്‍ മറ്റൊരാള്‍ ഇല്ലാതാകുമ്പോള്‍ അയാള്‍ അനശ്വരനാകുന്നു. മരണമില്ലാത്തവന്‍. അയാളുടെ അഭാവം ആളുകള്‍ക്ക് അനുഭവപ്പെടാത്ത വിധം തീവ്രമായി അയാളുടെ സൃഷ്ടികള്‍ നമ്മെ ഭരിക്കുന്നു. നിത്യേന നമ്മിലൂടെ പല രൂപങ്ങളില്‍ പറച്ചിലുകളില്‍ അങ്ങനെ സഞ്ചരിക്കുന്നു. നമ്മില്‍ നിന്ന് മറ്റൊന്നിലേക്ക്.. അതില്‍ നിന്ന് വേറൊന്നിലേക്ക്..
തുകല്‍ ബെല്‍റ്റിന്റെ മറ്റേ അറ്റത്ത് ദാസിന്റെ പിടച്ചില്‍ അറിഞ്ഞു തുടങ്ങുമ്പോള്‍ മുതല്‍ ആര്‍ത്തു കരയുന്ന മീര. പതിയേ കരച്ചിലടങ്ങി ശൂന്യമായ ഭാവത്തിലേക്ക് മടങ്ങുന്ന അവളില്‍ നിന്ന് ഏതോ ഒരു ചുവരിലേക്ക് മാറുന്ന ദൃശ്യം. അവിടെ നിറചിരിയോടെ നില്ക്കുന്ന അവളുടെ ഫോട്ടോയ്ക്ക് കീഴെ മെന്റല്‍ ഹോസ്പിറ്റലിലെ പതിനൊന്നാം നമ്പര്‍ മുറിയില്‍ അവള് ആത്മഹത്യ ചെയ്തു എന്ന് എഴുതിച്ചേര്‍ത്തിരിക്കുന്നു. അതിന് കീഴെ ടൈറ്റില്‍.. നവംബറിന്റെ നഷ്ടം!
കാലാതീതനായ പ്രതിഭയെ അയാള്‍ ജീവിച്ചിരുന്ന കാലം എത്രത്തോളം സ്വീകരിച്ചു എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണെങ്കില്‍ കൂടിയും മരണത്തിനിപ്പുറം ഇന്നില്‍ അയാള്‍ ജീവിക്കുന്നത് ഉത്തുംഗശൃംഖത്തില്‍ തന്നെയാണ്. മലയാള സിനിമയുടെ വളര്‍ച്ചയുടെ ഗ്രാഫ് പദ്മരാജനിസം തീണ്ടാതെ ഇന്നില്‍ എത്തി നില്‍ക്കില്ല ഏത് നിരൂപകനും ചലച്ചിത്ര ഗവേഷകനും സംസാരിച്ചു തുടങ്ങിയാലും. 1978 ല്‍ ഭരതന് വേണ്ടി രതിനിര്‍വ്വേദം എഴുതിയപ്പോഴാകണം മലയാളി ആദ്യം പകച്ചത്. മറവില്‍ മാത്രം അറിയുകയും അനുഭവിക്കുകയും ചെയ്യേണ്ടവ എന്ന് വിശ്വസിച്ചു പോന്ന കെട്ടുമാറാപ്പുകളെ വളരെ ലാഘവത്തോടെ പത്മരാജന് കെട്ടഴിച്ചുവിട്ടപ്പോള്‍ പകപ്പുകളും ഞെട്ടലുകളും പതിവുകളായി. ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ മലയാളം കണ്ട ആദ്യ ന്യൂ ജെന്‍ സിനിമയാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കുന്നത് ആ ചിത്രം മലയാളിയുടെ സദാചാരബോധത്തിന്റെ നിറുകംതലയില്‍ ആണിയടിച്ചു കയറ്റിയത് എണ്‍പതുകളില്‍ ആയിരുന്നു എന്നത് കൊണ്ട് തന്നെയാണ്.
കെട്ടിപ്പിണഞ്ഞു കിടക്കുന്ന നിമ്മിയുടേയും സാലിയുടേയും മൃതദേഹങ്ങള്‍ കണ്ട് പകച്ചു പോകുന്ന ഹരിശങ്കറും ദേവികയും മറ്റുള്ളവരും. ആ ഉദ്വേഗത്തെ ഉയര്‍ത്തിക്കൊണ്ട് തെളിഞ്ഞു വരുന്ന അക്ഷരങ്ങള്‍.. “ദൂരേയ്ക്ക്.. സെയ്ഫ് ആയ ദൂരേയ്ക്ക്”. അതിനു പിന്നാലെ ടൈറ്റില്‍..
മാജിക്കല്‍ റിയലിസം മലയാളത്തിന് അപൂര്‍വ്വ കാഴ്ച ആയിരുന്നപ്പോള്‍ അതും തികഞ്ഞ രൂപത്തില്‍ പദ്മരാജന് നമ്മുടെ പശ്ചാത്തലത്തിലേക്ക് പറിച്ചു നട്ടു. സംവിധായകന് എന്ന നിലയിലെ ആദ്യ ഹിറ്റ് ചിത്രം കള്ളന് പവിത്രനും മാജിക്കല്‍ റിയലിസം പരീക്ഷിച്ച രചന തന്നെയായിരുന്നു. ഞാന്‍ ഗന്ധര്വ്വനിലേക്ക് എത്തിയപ്പോള്‍ അത് മുഴുനീളാനുഭവമായി. പരിചയമില്ലാത്തവയെ ആദ്യം പരിചയിക്കൂ എന്ന പിടിവാശിയില്‍ നില്ക്കുന്ന ഒരു വലിയ കുടുംബത്തിന്റെ കാരണവരെ പോലെ മറവിലുള്ളതെല്ലാം അതിന്റെ ഏറ്റവും കലര്‍പ്പില്ലാത്ത രൂപത്തില്‍ അദ്ദേഹം ആസ്വാദകനിലേക്ക് തൊടുത്തു വിട്ടുകൊണ്ടിരുന്നു. വിരഹവും വേദനയും പ്രതികാരവും പ്രണയവും കാമവും നിസ്സഹായതയും എല്ലാമെല്ലാം അതുവരെ ദര്‍ശിക്കാത്ത വിധം പച്ചയായി ദൃശ്യഭാഷ്യം കൈക്കൊണ്ടു.
കൊച്ചുമകന്റെ പിണ്ഡച്ചോറുമായി അവനെയെടുത്ത കടലിലേക്ക് തര്‍പ്പണത്തിനു നടന്നടുക്കുന്ന തമ്പി. അയാളുടെ കാലുകള്‍ക്ക് അതുവരെയില്ലാത്ത വേഗമുണ്ട്. കവലയും പാച്ചുവിന്റെ സുഹൃത്തുക്കളും നോക്കി നില്‍ക്കേ അയാളുടെ ശരീരം തിരമാലകള്ക്കപ്പുറത്തേയ്ക്ക് ചെറുതായി ചെറുതായി പൂര്‍ണ്ണമായി മറയുന്നു. ആര്‍ത്തു കരയുന്ന കവലയുടെ നിസ്സഹായതയെ അവഗണിച്ചു കൊണ്ട് തമ്പി ചേര്‍ന്നലിഞ്ഞ കടലിനു മീതെ “പിന്നെ മറ്റൊരു മൂന്നാംപക്കം” എന്ന് തെളിയുന്നു. ഒപ്പം ഉണരുമീ ഗാനം എന്ന പാട്ടിന്റെ ഉപകരണസംഗീതത്തിന്റെ അലകളും..
രാമന്റെ സംഘര്‍ഷങ്ങളെയും വൈകാരികതകളെയും പരിചയപ്പെടുത്തി ആരംഭം കുറിച്ച് ഗന്ധര്‍വ്വന്റെ മടങ്ങിപ്പോക്കില്‍ തിരശ്ശീലയിലെ കഥപറച്ചില്‍ അവസാനിപ്പിച്ച പ്രിയപ്പെട്ട കഥാകാരനെ അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തില്‍ അറിയാനോ ആ സൃഷ്ടികള്‍ അന്നില്‍ നിന്നുകൊണ്ട് ഉള്‍ക്കൊള്ളാനോ സാധിക്കാത്തതില്‍ ദുഃഖമുണ്ടെങ്കില്‍ കൂടിയും കഥകളിങ്ങനെ എണ്ണമറ്റ തവണകളായി ഉള്ളില്‍ കിടന്നൊഴുകുന്നത് അനുഭവിക്കുമ്പോള്‍ ആ നഷ്ടബോധം വല്ലാത്തൊരു നിര്‍വൃതിയുടെ നിറവിലേക്ക് വന്നു നില്‍ക്കുന്നുണ്ട്. അദ്ദേഹം ജീവിച്ചിരുന്ന, ജീവിച്ചിരിക്കാത്ത എന്നിങ്ങനെയുള്ള കാലവ്യത്യാസങ്ങള് സത്യത്തില്‍ മലയാളസിനിമയ്ക്കില്ല എന്നതാണ് പരമാര്‍ത്ഥം. പദ്മരാജന് എന്നുമുണ്ട്. എല്ലാറ്റിലുമുണ്ട്.. ചുറ്റുപാടുകളോട് വിധേയത്ത്വം കാണിച്ചുകൊണ്ട് കണ്‍കെട്ടുകള്‍ കലര്‍ത്താതെ ജീവിതം അതേപടി പറിച്ചുനട്ടുകൊണ്ട് ഒരു ചലച്ചിത്രം പിറക്കുമ്പോള്‍ ഇന്നും നാം പറയുന്നത് “ഒരു പദ്മരാജന് ടച്ച് ഉള്ള ചലച്ചിത്രഭാഷ്യം” എന്ന് തന്നെയാണ്. താരതമ്യങ്ങള്‍ക്ക് അതീതനായ ആ പ്രതിഭാസം അഭ്രപാളിയുടെ അവസാനപരിധിയായി നെഞ്ചും വിരിച്ച് ഇന്നും വിഹരിക്കുന്നുണ്ട്. സിനിമയെ ഒരു പട്ടുതൂവല് പോലെ ഭാരമില്ലാതാക്കി ഒഴുക്കിവിടാന്‍ പഠിപ്പിച്ച ഗന്ധര്വ്വന്… ശ്രേഷ്ഠസിനിമകളുടെ പ്രിയപ്പെട്ട പദ്മരാജന്!
ലേഖനം എഴുതിയത് : ശ്രുതി രാജൻ