Don't Miss

കറുത്ത ജൂതൻ പ്രേക്ഷകർ രണ്ടു കൈയും നീട്ടി സ്വീകരിച്ചു

നാഷണൽ അവാർഡ് ജേതാവ് സലിം കുമാർ കഥയും, തിരക്കഥയും  നിർമ്മിക്കാനുള്ള പണവും മുടക്കി സംവിധാനം ചെയ്ത ചെയ്ത ചിത്രമാണ് കറുത്ത ജൂതൻ.കംപാർട്ടുമെന്റ് എന്ന ചിത്രത്തിന് ശേഷം സലിം കുമാർ ഒരുക്കുന്ന ഈ ചിത്രം വ്യത്യസ്ത സിനിമകളെ വിതരണത്തിനെടുക്കുന്ന ലാൽ ജോസിന്റെ ഉടമസ്ഥതയിലുള്ള എൽ.ജെ.ഫിലിംസ് ആണ് എന്നത് തന്നെയാണ് ഈ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ചത്. മാള ഗംഗ മൂവിസിൽ ഒരുക്കിയ സ്പെഷ്യൽ പ്രദർശനം കാണാൻ 6 മണിയോടടുത്ത് തിയറ്ററിലേക്കു പുറപ്പെട്ടു. മാളയിലെ ജൂതന്മാരുടെ ചരിത്ര പശ്ചാത്തലത്തിന്റെ കഥ പറയുന്ന ഈ ചിത്രം കാണാൻ മാളയിൽ തന്നെ വന്നു പെട്ടു എന്നത് ഒരു നിമിത്തമായി മാറി.കുറെ നാളുകൾക്ക് ശേഷം കർട്ടൻ റൈസിംഗ് ഒന്ന് കാണാൻ അവിടെ സാധിച്ചു.അങ്ങനെ 1 മണിക്കൂർ 59 മിനിറ്റുകൾ ദൈർഘ്യമേറിയ ഈ കൊച്ചു ചിത്രം ഫ്ലാഷ് ബാക്കിലൂടെ കഥ പറഞ്ഞു തുടങ്ങി.


ഇന്ത്യയിലേക്ക് കച്ചവടത്തിനെത്തിയ ജൂതന്മാരുടെ പിന്‍തലമുറക്കാരായി മാളയില്‍ അവശേഷിച്ചിരുന്ന ജൂതക്കൂട്ടത്തിന്റെ കഥയും ജീവിതവുമാണ് ചിത്രം പറയുന്നത്.ആരോൺ ഇല്യാഹു എന്ന ബിരുദാനന്തര ബിരുദധാരിയായ ജൂതൻ യുവാവ് ജൂതന്മാരുടെ ചരിത്രം അന്വേഷിച് വീട്ടുകാരോട് ഒരു വർഷത്തെ യാത്രയും പറഞ്ഞു ചരിത്രം അന്വേഷിച് മാളയിൽ നിന്ന് യാത്ര തിരിക്കുന്നു.യാത്രയുടെ അന്തിമ ഘട്ടത്തിൽ ഒരു അപകടം അയാളെ തേടി വരുകയും,അയാൾ മരിച്ചു എന്ന വാർത്ത നാട്ടിൽ പരക്കുകയും ചെയ്യുന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിപ്പോയ ജൂതന്മാരോട് വാഗ്ദത്ത ഭൂമിയിലേക്ക് മടങ്ങി വരാനുള്ള അറിയിപ്പ് ലഭിച്ചതിന് പിന്നാലെ ഇവിടുത്തെ ജൂതന്മാരെല്ലാം വീടും സ്വത്തുമെല്ലാം ഉപേക്ഷിച്ച് ഇസ്രായേലിലേക്ക് കപ്പല്‍ കയറിയപ്പോള് ആരോൺ ഇല്യാഹുവിന്റെ കുടുംബത്തിനും പോകേണ്ടി വന്നു. തന്റെ മകൻ തിരിച്ചു വന്നാൽ ആ സ്വത്തുക്കൾ അവന് തിരിച്ചു കൊടുക്കണം എന്ന ഉടമ്പടി പഞ്ചായത്തുമായി ഒപ്പുവച്ചാണ് അവർ പോയത്.പക്ഷെ ഇല്യാഹുവിന്റെ തിരിച്ചുവരവും പല കാരണങ്ങള്‍ കൊണ്ട് മാളയില്‍ ഒറ്റപ്പെട്ട് പോകുന്ന കറുത്ത ജൂതന്റെ കഥയാണിത്.


പുരാതന കാലം മുതല്‍ക്കുള്ള ജൂത ചരിത്രം തേടി പോയി ജീവിതം നഷ്ടമാകുന്ന ആരോണ്‍ ജീവിതത്തില്‍ ഒറ്റപ്പെടുകയും എല്ലാം നഷ്ടപ്പെടുകയും ചെയ്യുന്നു. അയാള്‍ക്ക് ബാക്കിയാകുന്നത് അയാള്‍ ശേഖരിച്ച ചരിത്ര വിവരങ്ങള്‍ മാത്രമാണ്. തന്റെ വീട് കയ്യേറിയ പോസ്റ്റ് ഓഫീസ് അധികാരിയോട് കിടക്കാൻ കുറച്ചു സ്ഥലം ചോദിക്കുന്ന ഇല്യാഹുവിന്റെ നിസ്സഹായാവസ്ഥ സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും വിങ്ങലായി അവശേഷിക്കുന്നുണ്ട്.ഓരോന്നും മറ്റൊന്നായി മാറുന്നു,അത് പ്രകൃതി നിയമമാണ്,പക്ഷെ അതെല്ലാം കൺമുമ്പിൽ വച്ചുതന്നെ കാണേണ്ട ഇല്യാഹുവിന്റെ ജീവിതം ഒരു ഓർമ്മപെടുത്തൽ കൂടിയാണ്.ജൂത മത വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ചിത്രം വളരെ മികവോടെ തന്നെ ദൃശ്യാവിഷ്കരിച്ചിട്ടുണ്ട്.സലിംകുമാർ എന്ന നടൻ ഒരിക്കൽകൂടി ജീവിച്ചഭിനയിച്ചു എന്ന് തന്നെ പറയാം.രമേഷ് പിഷാരടി, സുബീഷ് സുധി, ശിവജി ഗുരുവായൂര്‍, ഉഷ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്.ബിജുറാമിന്റെ സംഗീതം സിനിമയോട് ചേർന്ന് നിന്നപ്പോൾ ശ്രീജിത്ത് വിജയന്റെ ക്യാമറ വർക്ക് കാലഘട്ടത്തോട് പൂർണ്ണമായും നീതി പുലർത്തികൊണ്ടു ദൃശ്യാവിഷ്കരിച്ചു.


മികച്ച കഥക്കുള്ള സംസ്ഥാന അവാർഡിന് പൂർണ്ണമായും അർഹതപ്പെട്ട ഈ ചിത്രം വ്യത്യസ്തമായ കഥാപാശ്ചാത്തലം കൊണ്ടും ആവർത്തന വിരസത ഇല്ലാത്ത അവതരണ രീതികൊണ്ടും മികച്ചൊരു കാഴ്ചാനുഭവമാണ് പ്രദാനം ചെയ്യുന്നത്.തമാശകളും,ത്രസിപ്പിക്കുന്ന രംഗങ്ങളും,ആട്ടവും പാട്ടും മാത്രമാണ് ആസ്വാദനം എന്ന് വിശ്വസിക്കുന്ന ബഹുഭൂരിപക്ഷ പ്രേക്ഷകരും ഇതുപോലെയുള്ള ചെറുചിത്രങ്ങളെ കാണാതെ പോകരുത്.അവശേഷിക്കാത്ത ഒന്നേ ഉള്ളു അതാണ് ചരിത്രം.പടം കഴിഞ്ഞു തിരിച് വീട്ടിലേക്ക് പോകുന്ന വഴി മാളയിലെ പോസ്റ്റ് ഓഫീസ് കണ്ടപ്പോൾ ആരോൺ ഇല്യാഹുവിന്റെ ആ വീട് മനസ്സിലെവിടെയൊക്കെയോ മിന്നിമറഞ്ഞു.

Total
0
Shares

About admin