പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിനെതിരെ നിയമ നടപടിയുമായി ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂര്‍. ശ്രീദേവിയുടെ ജീവിതമാണോ ചിത്രത്തിന്റെ പ്രമേയം എന്നതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ പുകഞ്ഞു കൊണ്ടിരിക്കവേ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഇക്കാര്യം ചിത്രത്തിന്റെ സംവിധായകന് പ്രശാന്ത് മാമ്പുള്ളി സ്ഥിരീകരിച്ചിട്ടുണ്ട്.
‘കഴിഞ്ഞ ആഴ്ച ബോണി കപൂറില്‍ നിന്നു ഞങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ് ലഭിക്കുകയുണ്ടായി. അതിനെ നേരിടാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. എന്റെ ചിത്രം ഒരു സസ്പെന്‍സ് ത്രില്ലര്‍ ആണ്. ശ്രീദേവി ഒരു പൊതുവായുള്ള പേരാണെന്ന് ഞാന്‍ ബോണി കപൂറിനോട് പറഞ്ഞതാണ്. എന്റെ കഥാപാത്രത്തിന്റെ പേരും അത് തന്നെയാണ്. അവരും ഒരു അഭിനേത്രിയാണ്. വക്കീല്‍ നോട്ടീസ് ഞങ്ങള്‍ നേരിടും.’ പ്രശാന്ത് പറഞ്ഞു.
ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറില്‍ ഒരു കഥാപാത്രം ബാത്ത്ടബ്ബില്‍ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്. ഈ രംഗവും ചിത്രത്തിന്റെ പേരുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ബോണി കപൂര്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.