Don't Miss

ടൊവീനോയ്ക്കൊപ്പം കല്യാണി;ആവേശത്തോടെ തല്ലുമാല രണ്ടാം ഷെഡ്യൂൾ;

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് തല്ലുമാല

യുവ താരം ടോവിനോ തോമസ് നായകനാക്കി എത്തുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ നായികാ വേഷം ചെയ്യുന്നു. ഈ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ആണ് ഇപ്പോൾ എറണാകുളത്ത് ആരംഭിച്ചിരിക്കുന്നത്.

അനുരാഗ കരിക്കിൻ വെള്ളം , ഉണ്ട എന്നിവക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രമാണ് ഇത്.നേരത്തെ ആഷിക് അബുവിന്‍റെ നിര്‍മ്മാണത്തില്‍ മുഹ്‍സിന്‍ പരാരി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് തല്ലുമാല.

പിന്നീട് ആഷിക് അബു മാറി ആഷിക് ഉസ്മാൻ നിർമ്മാതാവാവുകയും ഖാലിദ് റഹ്മാൻ സംവിധായകനായി വരികയുമായിരുന്നു.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പോലെ തന്നെ ഒരു കളര്‍ഫുള്‍ ഡിന്‍ചാക്ക് സിനിമയായിരിക്കും തല്ലുമാലയെന്ന് ടൊവിനോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

“സിനിമയെ കുറിച്ച് ഇനിയും ഒരുപാട് പറയണമെന്നുണ്ട്. നിങ്ങള്‍ പ്രേക്ഷകര്‍ക്ക് തിയറ്ററില്‍ വിസലടിച്ച് ആഘോഷമാക്കി കാണാന്‍ പറ്റുന്ന ഒരു അടിപൊളി പടമാണിത്.

ഇതാദ്യമായാണ് ഞാന്‍ ഇങ്ങനെയൊരു കിക്ക് ആസ് പ്രൊജക്റ്റിന്റെ ഭാഗമാകുന്നത്.” എന്നും ടൊവിനോ തോമസ് പറഞ്ഞു.

ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ജിംഷി ഖാലിദ് ആണ്. ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിഷ്ണു വിജയ് സംഗീതമൊരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് നിഷാദ് യൂസഫ് ആണ്.

വരനെ ആവശ്യമുണ്ട്, മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി എന്നിവക്ക് ശേഷം കല്യാണി മലയാളത്തിൽ നായികാ വേഷം ചെയ്യുന്ന ചിത്രമാണ് തല്ലുമാല.

ഫെബ്രുവരി 12ന് കല്യാണി പ്രിയദർശൻ രണ്ടാം ഷെഡ്യൂളിൽ ജോയിൻ ചെയ്യും. അറുപത് ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. ഇതോടെ സിനിമ ചിത്രീകരണം പൂർത്തിയാകും.

തലശേരിയിലായിരുന്നു തല്ലുമാലയുടെ ആദ്യ ഷെഡ്യൂൾ.

Total
0
Shares

About P R