സംവിധായകൻ സനൽ കുമാർ ശശിധരൻ തന്റെ ഏറ്റവും പുതിയ സിനിമയ്ക്കു വേണ്ടി ലൊക്കേഷൻ അന്വേഷിച്ച് കറങ്ങുന്നതിനിടെ ഉദയാ സ്റ്റുഡിയോ കെട്ടിടത്തിന്റെ മുന്നിലെത്തിയിരുന്നു. അവിടെ കണ്ട ശോചനീയമായ കാഴ്ച അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണ്ണ രൂപം:-
“‘ചോല’യുടെ ലൊക്കേഷൻ തിരച്ചിലിനിടെ ആലപ്പുഴയിൽ എത്തി. ഒരു ഒറ്റപ്പെട്ട പഴകിയ ലോഡ്ജ് കെട്ടിടമാണ് ആവശ്യം. പല സുഹൃത്തുക്കളെയും ആവശ്യം അറിയിച്ചിരുന്നു. രാവിലെ അനിൽ ചേർത്തല വിളിച്ചു പറഞ്ഞു പാതിരപ്പള്ളിയിൽ ഒരു കെട്ടിടമുണ്ട്. പക്ഷെ നടത്തത്തിപ്പുകാരെ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് ഒരു വഴിയുമില്ല. പഴയ ഉദയ സ്റ്റുഡിയോ ആണ്. എന്തായാലും അങ്ങോട്ട് പോയി.. കഥക്ക് ചേരുന്ന കെട്ടിടമാണ്.. പക്ഷെ ഗേറ്റ് അടഞ്ഞു കിടക്കുന്നു. കുറേനേരം അവിടെയൊക്കെ കറങ്ങി നിന്നു. ഓട്ടോറിക്ഷക്കാരോടും അയൽക്കാരോടും ഒക്കെ ചോദിച്ചു.. ആർക്കും അറിയില്ല ആരെയാണ് ബന്ധപ്പെടേണ്ടതെന്ന്. കുറച്ചുകാലം ഒരു സെക്യൂരിറ്റിക്കാരൻ ഉണ്ടായിരുന്നു അത്രേ. ഇപ്പോൾ ആരും വരാറില്ല. പൊളിഞ്ഞ മതിലിലൂടെ മലയാളസിനിമയുടെ ചരിത്രത്തെ കാട്ടുവള്ളികൾ ആലിംഗനം ചെയ്യുന്നത് കണ്ടു തിരിച്ചുപോന്നു. വിദേശ രാജ്യങ്ങളിൽ വല്ലതും ആയിരുന്നെങ്കിൽ തീരാത്ത കഥകളുടെ ആ ഭൂതക്കോട്ട സർക്കാർ ഏറ്റെടുത്ത് വല്ല മ്യൂസിയവും ആക്കിയേനെ..നമ്മുടെ ചലച്ചിത്രവികസന വകുപ്പ് ചിത്രാഞ്ജലിക്കുന്നിൽ ഒരു പറക്കും തളിക സ്വപ്നം കാണുന്ന തിരക്കിലാണ്.. ഇവിടെ ഇതൊക്കെ മാത്രമേ നടക്കുള്ളൂ അല്ലെ..ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലായിരിക്കും അല്ലെ…”
പ്രസ്തുത വിഷയത്തിൽ നമ്മുടെ സംസ്ഥാന ചലച്ചിത്ര വികസന വകുപ്പിന്റെ കെടുകാര്യസ്ഥതയെ പഴിക്കുന്ന സനൽ കുമാർ ശശിധരൻ, ബന്ധപ്പെട്ടവർ ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് കൊടുക്കുന്ന അമിത പ്രാധാന്യത്തെ കളിയാക്കുകയും ചെയ്യുന്നുണ്ട് തന്റെ പോസ്റ്റിലൂടെ.