Don't Miss

“എബ്രഹാമിന്റെ സന്തതികൾ”

മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ 30 സിനിമകളാണ് കഴിഞ്ഞ അഞ്ചു വർഷങ്ങളായി തിയേറ്ററുകളിൽ എത്തിയത്. കടുത്ത ആരാധകരെന്ന് സ്വയം നടിക്കുന്ന, സ്‌ക്രീനിൽ അദ്ദേഹം എന്തു കാണിച്ചാലും കയ്യടിച്ച് പ്രോത്സാഹിപ്പിച്ച്, ആ ഒരു അസാധ്യ പ്രതിഭയെ സ്വാഭാവികമായ സിനിമകൾ ചെയ്യിക്കാൻ പ്രേരിപ്പിക്കാതെ വഴി തിരിച്ചു വിടുന്ന കുറേ ‘ആരാധകർ’ക്കു (മുകേഷിന്റെ ഭാഷ മനസ്സിൽ കൊണ്ടു വരാം) വേണ്ടിയായിരുന്നു ആ ലിസ്റ്റിലെ പകുതിയിൽ കൂടുതലും. ‘കുഞ്ഞനന്തന്റെ കട’, ‘മുന്നറിയിപ്പ്’, ‘പത്തേമാരി’ തുടങ്ങിയ ഹൈക്ലാസ് സിനിമകളും അതിനിടയിൽ സംഭവിച്ചു. പക്ഷെ, ഈ പറഞ്ഞ ആരാധകവൃന്ദത്തിന് അതൊന്നും തന്നെ അത്ര ദഹിച്ചില്ല എന്നതാണ് ഏറ്റവും വലിയ സത്യം. എന്നാൽ ഏറ്റവും പുതിയ റിലീസായ ‘എബ്രഹാമിന്റെ സന്തതികൾ’, പതിവ് രീതികളിൽ ചെറിയൊരു പൊളിച്ചെഴുത്തു നടത്തി, എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടമാകുന്ന രീതിയിലുള്ള ഒരു സസ്പെൻസ് ത്രില്ലറായി സ്‌ക്രീനിലെത്തിക്കാൻ തിരക്കഥാകൃത്ത് ഹനീഫ് അദേനിയ്ക്കും, സംവിധായകൻ ഷാജി പാടൂരിനും കഴിഞ്ഞു. 22 വർഷങ്ങൾ നീണ്ടു നിന്ന സഹസംവിധായകനെന്ന റോളിൽ നിന്നും സംവിധായകന്റെ റോളിലേക്കെത്തി ശരാശരിയ്ക്കും മുകളിലുള്ള ഒരു സിനിമ സമ്മാനിച്ച ഷാജി പാടൂരിന് അഭിനന്ദനങ്ങൾ.

കഥ

ഡെറിക് എബ്രഹാം(മമ്മൂട്ടി) എന്ന പോലീസ് ഉദ്യോഗസ്ഥന് തന്റെ പ്രിയ സഹോദരൻ ഫിലിപ് എബ്രഹാമിനോടുള്ള (ആൻസൻ പോൾ) ആത്മബന്ധത്തിന്റെ കഥയാണ് ‘എബ്രഹാമിന്റെ സന്തതികൾ’ പറയുന്നത്. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ തന്റെ സഹോദരന് ശിക്ഷ ഏറ്റു വാങ്ങേണ്ടി വരുമ്പോൾ, ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും ചിന്തിക്കുന്ന യുക്തിയും, സഹോദരൻ എന്ന പരിഗണനയിൽ മനസ്സിലേക്കെത്തുന്ന വാത്സല്യവും ചേർത്ത് എങ്ങനെ ഡെറിക് എബ്രഹാം ആ സാഹചര്യം കൈകാര്യം ചെയ്യുന്നു? അതിന്റെ ഫലമെന്താണ്? ഇതാണ് സിനിമ കൈകാര്യം ചെയ്യുന്ന വിഷയം.

കാസ്റ്റ് & ക്രൂ ഹൈലൈറ്റ്‌സ്

സ്റ്റാർഡം അറിയിക്കുന്ന ചില രംഗങ്ങൾ ഒഴിച്ചു നിർത്തിയാൽ, മമ്മൂട്ടി എന്ന നടന്റെ സ്വാഭാവികമായ മാനറിസം അതിന്റെ സാധ്യമായ എല്ലാ രീതിയിലും വളരെ മനോഹരമായി ഉപയോഗിച്ചിട്ടുണ്ട്. കുറിയ്ക്ക് കൊള്ളുന്ന ചില സംഭാഷണങ്ങളിലൂടെ അദ്ദേഹം തിയേറ്ററിൽ പ്രേക്ഷകരെ ഇളക്കി മറിക്കുകയും ചെയ്തു. 2018 ജൂൺ 16’നും ആ ഒരു സ്‌ക്രീൻ പ്രസൻസ് അങ്ങനെ സൂര്യ തേജസ്സോടെ നിൽക്കുന്നു എന്നതും സത്യം. മമ്മൂട്ടി തന്നെയാണ് ഹൈലൈറ്റ്.

‘ഗ്രേറ്റ് ഫാദർ’ എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്കു ശേഷം ഹനീഫ് അദേനി രചന നിർവ്വഹിക്കുന്നതിനാൽ പ്രേക്ഷകരുടെ പ്രതീക്ഷ വളരെ വലുതാണ്. പക്ഷെ, അതിന്മേൽ കോട്ടം തട്ടാൻ ഹനീഫ് അനുവദിച്ചില്ല. നിറഞ്ഞ കയ്യടികൾ തന്നെയായിരുന്നു ക്ളൈമാക്സിനെ വരവേറ്റത്. ആന്റിക്‌ളൈമാക്‌സും ഏറെ രസകരമായിരുന്നു. ഹനീഫ് അദേനിയ്ക്കൊരു പൂച്ചെണ്ട് സമ്മാനിക്കുന്നു. ഗോപീസുന്ദർ, തീം മ്യൂസിക് തയ്യാറാക്കുന്നതിൽ പുള്ളിക്കാരനുള്ള വൈദഗ്ധ്യം, അത് ഇതിനോടകം തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഡെറിക് എബ്രഹാം ആദ്യമായി സ്‌ക്രീനിലെത്തുന്ന രംഗം, ഗോപീസുന്ദറിന് പൂന്തു വിളയാടാനുള്ള ആ ഒരു അവസരം അദ്ദേഹം ഗംഭീരമാക്കി. ശ്രേയക്കുട്ടിയുടെ പള്ളിപ്പാട്ട് മനോഹരമായിരുന്നു. ഛായാഗ്രഹണം നിർവ്വഹിച്ച ആൽബി, എഡിറ്റർ മഹേഷ് നാരായണൻ തുടങ്ങിയവർക്കും അഭിനന്ദനങ്ങൾ.

 

 

സുരേഷ് കുമാർ രവീന്ദ്രൻ

Total
0
Shares

About admin