Don't Miss

ചങ്കിനിട്ടു കുത്തിയ ‘ചങ്ക്‌സ് ‘

മലയാള സിനിമയിൽ അടുത്തകാലത്ത് കണ്ടുവരുന്ന നല്ലൊരു വില്പനതന്ത്രമാണ് എൻജിനിയറിങ് കോളേജും അവിടത്തെ കുറച്ചു തല തിരിഞ്ഞ പിള്ളേരും. ഒമർ ലുലുവിനെ പോലെ തന്റെ സിനിമയെയും പ്രേക്ഷകനെയും വ്യക്തമായി അറിയാവുന്ന ഒരു സംവിധായകൻ അതിനാൽ തന്നെ തന്റെ ചിത്രങ്ങൾ ഈ ചട്ടക്കൂട്ടിൽ ഒരുക്കിയതിനെ കുറ്റം പറയാൻ ആവില്ല.

തന്റെ ആദ്യ ചിത്രമായ ഹാപ്പി വെഡിങ്ങിന് ശേഷം ചങ്ക്‌സിൽ എത്തി നിൽക്കുമ്പോൾ പറയത്തക്ക മാറ്റങ്ങൾ ഒന്നും തന്നെ ഒമർ ലുലു നടത്തിയിട്ടില്ല. തന്റെ മുൻ ചിത്രം ഇഷ്ട്ടപ്പെട്ടവർക്ക് വേണ്ടിയാണ് ഈ ചിത്രവും സംവിധായകൻ അർപ്പിച്ചിരിക്കുന്നതെങ്കിൽ അതിന് നന്ദി അറിയിക്കേണ്ടിയിരിക്കുന്നു. അതല്ലെങ്കിൽ ഖേദപൂർവ്വം സംവിധായകൻ മാറ്റത്തിന് ശ്രമിക്കാതെ പണത്തിനു മേൽ പരുന്തും പറക്കില്ല എന്ന ചൊല്ലിന് ഉദാഹരണമാണ് എന്ന് പറയേണ്ടിവരും.

പൂർണമായും യുവാക്കൾക്ക് വേണ്ടി ഒരുക്കിയ ചിത്രമാണ് ചങ്ക്‌സ്. സഭ്യതയുടെ അതിർവരമ്പുകൾ എല്ലാം സംവിധായകൻ ലംഖിച്ചിട്ടുണ്ട്. ടിയാൻ പോലെ ഒരു ചിത്രത്തിന് എ സർട്ടിഫിക്കറ്റ് കൊടുത്ത സെൻസർ ബോർഡ് ചങ്ക്‌സിനെതിരെ കണ്ണടച്ചത് എങ്ങനെ എന്നത് കൗതുകമായി നിൽക്കുന്നു. നായകനെയും കൂട്ടുകാരെയും മാത്രമല്ല അധ്യാപകരെ വരെ കോമഡിയുടെ അടിയാളുകളായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ.

ഒരു ചിത്രം മികച്ചതാവാൻ വളരെ ബുദ്ധിമുട്ടുള്ള, കോംപ്ലിക്കേറ്റഡ് ആയ കഥയുടെ ആവശ്യം ഉള്ളതായി അറിവില്ല. ലളിതമായ കഥയിലും മികച്ച ചിത്രങ്ങൾ പിറന്നിട്ടുണ്ട്. ഊഹിക്കാനാവുന്ന കഥയാണ് ചങ്ക്‌സിന്റേത്. കാഴ്ചക്കാരന്റെ നിഗമനത്തിൽ നിന്നും മാറി നടക്കാൻ ശ്രമിക്കുന്നുമില്ല ഈ ചിത്രം. എന്തിരുന്നാലും സുന്ദരിയായ നായികയെ ഇഷ്ട്ടപ്പെടുന്ന കറുത്ത നായകൻ എന്ന ക്ലിഷേ ഔട്ട് ഡേറ്റഡ് ആയിരിക്കുന്നു.

അഭിനയിച്ചവരിൽ ധർമജൻ കാഴ്ചക്കാരന്റെ പ്രതീക്ഷകൾ ഒരു പരിധി വരെ കാത്തു. നായികയായി എത്തിയ ഹണി റോസിന് ചിത്രത്തിൽ അധികം ഒന്നും ചെയ്യാൻ ഉള്ളതായി തോന്നിയില്ല. ബാലു വർഗീസിന് പ്രധാന കഥാപാത്രം നൽകിയ സംവിധായകന്റെ തീരുമാനം കയ്യടി അർഹിക്കുന്നു. ചിത്രത്തിലെ സംഗീത വിഭാഗം കയ്യടക്കം നഷ്ടപ്പെട്ടത് പോലെ ആയിരുന്നു. രണ്ടു ചിത്രങ്ങളിലും കോളേജ് ജീവിതത്തെ കാണിച്ച രീതി സംവിധായകൻ അടുത്ത ചിത്രത്തിൽ (ക്യാമ്പസ് ചിത്രമാണെങ്കിൽ) മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

വലിയ കഥയോ സന്ദർഭങ്ങളോ ഒന്നും പ്രതീക്ഷിക്കാതെ, കൂട്ടുകാരോടൊത് മറ്റൊന്നും ചിന്തിക്കാതെ ചിരിക്കാനാണെങ്കിൽ ഈ ചിത്രം കാഴ്ചക്കാരന് ഇഷ്ടപ്പെട്ടേക്കാം. ടീസർ റിലീസിന് ശേഷം തിയേറ്ററിൽ പോയി ചിത്രം കണ്ട് ഇതല്ല ഞങ്ങൾ പ്രതീക്ഷിച്ച ചിത്രം എന്ന് പറയുന്നവരോട് എന്താണ് നിങ്ങൾ പ്രതീക്ഷിച്ചത് എന്ന് ചോദിക്കേണ്ടി വരും. വളരെ ചെറിയ പ്രതീക്ഷയുമായി പോയതിനാലാവാം നിരാശ തോന്നിയില്ല.

Total
0
Shares

About admin