Don't Miss

ലിപ്സ്റ്റിക് അണ്ടർ മൈ ബുർക്കാ കണ്ട് ഞെട്ടിയവർ പറയുന്നത്

ഒരേ നഗരത്തിൽ വ്യത്യസ്ത ചുറ്റുപാടിൽ ജീവിക്കുന്ന നാലു സ്ത്രീകളുടെ ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും കഥ. സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റിയും അവളുടെ ലൈംഗിക ചിന്തകളെപ്പറ്റിയും ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട ഒരു സിനിമ ഈ അടുത്തൊന്നും കണ്ടിട്ടില്ല. പലരും തുറന്ന് കാണിക്കാൻ മടി കാണിച്ച ഇത്തരമൊരു വിഷയം വളരെ സത്യസന്ധമായി കൈകാര്യം ചെയ്യാൻ ധൈര്യം കാണിച്ച ഫീമെയിൽ ഡയറക്ടർ അലംകൃത പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഒരേ സ്ഥലത്ത് ജീവിക്കുന്ന നാലു സ്ത്രീകളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോവുന്നത്.
1. ഷിറിൻ (നായിക:കൊങ്കണ സെൻ)

സൗദിയിൽ ജോലി ചെയ്യുന്ന തന്റെ ഭർത്താവ് അറിയാതെ ഡോർ റ്റു ഡോർ സെയിൽസ് ജോലി ചെയ്യുന്ന ഒരു മുസ്ലിം വനിത. രണ്ടാഴ്ച കൂടുമ്പോൾ വന്ന് പോവുന്ന അവളുടെ ഭർത്താവിനെ സംബന്ധിച്ചിടത്തോളം അവളുടെ ജോലി തന്റെ മൂന്ന് മക്കളെ പരിപാലിക്കലും, സ്വാർത്ഥപരമായ തന്റെ ലൈംഗിക ചേദനകൾ ശമിപ്പിക്കാനുള്ള വെറും ഒരു ഉപഭോഗ വസ്തുവും. ഗർഭനിരോധന ഗുളികകൾ നിരന്തരം കഴിച്ചും, മൂന്ന് അബോർഷൻ നടത്തിയും അവളുടെ ശരീരം ആകെ തളർന്ന് പോയി കൊണ്ടിരിക്കുകയാണ്. അയാളിൽ നിന്ന് ഒരു സ്നേഹ ചുംബനം പോലും അവൾക്ക് ലഭിച്ചിട്ടില്ല. അവൾ പക്ഷേ ഒരിക്കലും ആരോടും പരാതി പറയുന്നില്ല. ഈ സെയിൽസ് ജോലി തന്നെ വിഷമങ്ങളിൽ നിന്ന്‌ അവൾക്കൊരാശ്വാസമാണ്.

2. ലീല

ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീയായ ലീല ഫോട്ടോഗ്രാഫറായ മുസ്ലീം യുവാവുമായി പ്രണയത്തിലാണ്. അവളുടെ എതിർപ്പുകൾ അവഗണിച്ച് കൊണ്ട് അമ്മ മറ്റൊരു കല്യാണത്തിന് നിർബന്ധിക്കുകയാണ്. വിവാഹ നിശ്ചയ ദിവസം തന്റെ കാമുകനുമായി അതേ വസ്ത്രത്തിൽ തന്നെ സെക്സ് ചെയ്യുകയും അതിന്റെ സെൽഫ് വീഡിയോ എടുത്ത് തന്നെ ചതിച്ചാൽ വിഡിയോ ഫേസ് ബുക്കിലും യുടുബിലും ഇട്ടുമെന്ന് പറയുന്ന ലീല എന്ന കഥാപാത്രത്തിന് തന്റേതായ ഒരു പാട് സ്വപ്നങ്ങൾ ഉണ്ട്. തന്റെ ശരീരവും മനസ്സും പൂർണമായി അയാളിൽ അർപ്പിച്ച് ഭാവി ജീവിതത്തെപ്പറ്റിയുള്ള ഈ സ്വപ്നങ്ങളിലാണ് അവൾ ജീവിക്കുന്നത്.

3. ഉഷ പാർമർ

55 വയസ്സ് പ്രായമുള്ള വിധവയായ സ്ത്രീ. “ബുആജി” എന്ന പേരിലാണ് അവർ എല്ലാവരുടെ ഇടയിലും അറിയുന്നത്. എല്ലാവരും അങ്ങനെ വിളിച്ച് തന്റെ യാഥാർത്ഥ പേരു പോലും മറന്ന് പോവുന്നു. ഒരു സ്ത്രീയുടെ ലൈംഗിക ചിന്തകൾക്കും ആഗ്രഹങ്ങൾക്കും പ്രായപരിധി ഉണ്ടെന്ന നമ്മുടെ തെറ്റായ ധാരണകളെയാണ് ഈ കഥാപാത്രം ഇല്ലാതാക്കുന്നത്. റോസി മറ്റൊരു വ്യക്തിത്വമായി ഫോണിൽ ചെറുപ്പക്കാരനായ നീന്തൽ പരിശീലകനുമായി ലൈംഗിക കാര്യങ്ങൾ സംസാരിച്ച് തന്റെ ആഗ്രഹങ്ങൾ നിറവേറ്റുന്നു. പ്രായം ഒരിക്കലും നമ്മുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒരു വിലങ്ങുതടിയല്ലെന്ന് തെളിയിച്ച കഥാപാത്രം.

4. റിഹാന

ഒരു യാഥാസ്ഥിതികമായ മുസ്ലീം കുടുംബത്തിൽ നിന്നും വരുന്ന,  ബുർഖ ക്കുള്ളിൽ തന്റെ ആഗ്രഹങ്ങളും , സ്വപ്നങ്ങളും അടക്കി വച്ച് ജീവിക്കുന്ന ചെറുപ്പക്കാരി. പോപ് ഗായിക “Miley Cyrus” നെ പോലെ ആവാനാണ് അവൾ ശ്രമിക്കുന്നത് തന്റെ സുന്ദരമായ മുഖം ഈ ലോകത്തെ കാണിക്കാനും, പെർഫ്യൂം പുരട്ടാനും, ജീൻസ് ധരിക്കാനും ക്ലബുകളിൽ പാടാനും ഒക്കെ അവൾ ആഗ്രഹിക്കുന്നു. സുഗന്ധദ്രവ്യങ്ങൾ ഇസ്ലാം മതത്തിൽ നിഷിദ്ധമാണെന്നും തന്റെ പിതാവ് വാങ്ങി തരില്ല എന്നും ബോധ്യമുള്ള അവൾ ഷോപ്പിംഗ് മാളുകളിൽ കേറി മോഷ്ടിക്കാൻ തുടങ്ങുന്നു.
വളരെ ശക്തമായ കഥയും തിരക്കഥയുമാണ് ചിത്രത്തിന്റെ  മുഖ്യ ആകർഷണം. അഭിനേതാക്കളുടെയെല്ലാം മികവുറ്റ പ്രകടനങ്ങൾ , മികച്ച സംവിധാനം എന്നിവ ചിത്രത്തെ നമുക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നു. സത്യം പറഞ്ഞാൽ ഈ നാലു കഥാപാത്രങ്ങളും നമ്മുടെ ചുറ്റുമുള്ള അനേകം സ്ത്രീകളെ പ്രതിനിധികരിക്കുന്നവരാണ്. ഒരു പ്രായം വരെ അച്ഛനമ്മമാരുടെ ഇഷ്ടത്തിനും , വിവാഹ ശേഷം ഭർത്താവിന്റെ താൽപര്യങ്ങൾക്കും അനുസരിച്ച് സ്വന്തമായി ഒരു വ്യക്തിത്വമോ, അഭിപ്രായങ്ങളോ, ഇഷ്ടങ്ങളോ പറയാൻ ആവാതെ മരിച്ച് ജീവിക്കുന്ന അനേകായിരം സ്ത്രീകളുടെ കഥ. ചിത്രത്തിൽ പെൺകുട്ടികൾക്ക് കോളേജിൽ ജീൻസ് ധരിക്കാനുള്ള അവകാശത്തെപ്പറ്റിയുള്ള പ്രക്ഷോഭത്തിൽ റിഹാന എന്ന കഥാപാത്രം ഒരു ന്യൂസ്  റിപ്പോർട്ടറോട്സംസാരിക്കുന്ന ഒരു രംഗമുണ്ട്,

” ഞങ്ങൾക്ക് സ്വാതന്ത്ര്യം തന്നു എന്നു വച്ച് ഇവിടെ എന്തു സംഭവിക്കാനാണ്. ഞങ്ങൾ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നിങ്ങൾ എന്തിനാണ് പേടിക്കുന്നത്.?”

എനിക്ക് ഏറ്റവും ഇഷ്ടമായ മറ്റൊരു രംഗം തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കുന്ന ഷിറിൻ എന്ന കഥാപാത്രം അവരെ പിന്തുടർന്ന് വീട്ടിലെത്തി ഒരു പ്രൊഡക്ട് സെയിൽ ചെയ്യാൻ എന്ന വ്യാജേന അവരുടെ വീട്ടിൽ കയറി അവരോട് സംസാരിക്കുന്ന രംഗം. ഇതിലും മാന്യമായി അതേ സമയം ഒരു ഭീഷണിയിൽ ഒരു ഭാര്യയ്ക്കും ഭർത്താവിന്റെ കാമുകിയോട് ഇങ്ങനെ പറയാൻ കഴിയില്ല..

സെൻസർ ബോർഡിന്റെ പ്രശ്നങ്ങൾ കാരണം ഒരു പാട് ബുദ്ധിമുട്ടിയാണ് ചിത്രം പുറത്തിറക്കിയത്. സ്ത്രീപക്ഷ കഥ പറയുന്ന ഇത്രയും സങ്കീർണ്ണമായ വിഷയം സ്ക്രീനിൽ എത്തിക്കാൻ ധൈര്യം കാട്ടിയ സംവിധായികയ്ക്ക് അഭിനന്ദനങ്ങൾ.

.

Total
0
Shares

About admin