കേരളാ ബോക്സ് ഓഫീസിനെ റെക്കോർഡിന്റെ ഉയരത്തിലെത്തിച്ച പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ ഒരു ഒന്നൊന്നര വരവാണ് മമ്മൂക്ക നായകനായ മാസ്റ്റർപീസ്. പുലിമുരുകൻ പ്രമേയം കൊണ്ട് പുതിയതായിരുന്നുവെങ്കിലും കഥാതന്തു ചിത്രത്തെ ഏറെ ബാധിച്ചിരുന്നു. എന്നാൽ കഥയും സസ്പെൻസും മാസ്സിൽ ചാലിച്ച ഒരു പുതിയ അനുഭവമാകുന്നു മാസ്റ്റർപീസ്.
രാജാധിരാജയിൽ പയറ്റി വിജയിച്ച മമ്മൂട്ടി- മാസ്സ് മാജിക്ക് സംവിധായകൻ അജയ് വാസുദേവന് മാസ്റ്റർപീസിലുള്ള കടുത്ത ആത്മവിശ്വാസമായി മാറി. ഏറെ ട്വിസ്റ്റുകൾ നിറഞ്ഞതും ഓരോ സീനും ഫ്രെയിമുകളും പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്ന തരത്തിലാണ് അജയ് വാസുദേവൻ ചിത്രത്തെ രൂപകല്പന ചെയ്തിരിക്കുന്നത്.
കൊല്ലം മഹാരാജാസ് കോളേജിൽ തമ്മിലടിക്കുന്ന വിദ്യാർത്ഥികളെ നേർവഴികാട്ടാൻ എത്തുന്ന പുതിയ ഇംഗ്ലീഷ് അസ്സോസിയേറ്റ് പ്രഫസർ എഡ്വേർഡ് ലിവിംഗ്സ്റ്റണായി മമ്മൂട്ടി തകർത്തഭിനയിച്ചു. ഒരു മമ്മൂട്ടി ഷോ തന്നെ ചിത്രത്തിലുടനീളം കാണാൻ കഴിയും.
കോളേജിൽ നടക്കുന്ന അതിദാരുണമായ ഒരു കൊലപാതകം. അതിന്റെ പേരിൽ പ്രതിക്കൂട്ടിലായ കോളേജിലെ കുറച്ചു വിദ്യാർത്ഥികൾ. മഖ്ബൂൽ സൽമാനും ജോൺ കൈപ്പള്ളിയും തമ്മിലടിക്കുന്ന രണ്ട് ഗ്യാങ് ലീഡർമാരായി മികച്ച പ്രകടനം കാഴ്ച വെച്ചു.
കൊലപാതകം അന്വേഷിക്കാൻ എത്തുന്ന “തെക്കന്റെ” പോലീസ് വേഷം ഉണ്ണിമുകുന്ദന് തന്റെ കരിയറിലെ മികച്ച വേഷമായി മാറി. ചിത്രം കണ്ടിറങ്ങുന്നവർക്ക് ഉണ്ണിമുകുന്ദന്റെ സ്റ്റൈലിഷ് കഥാപാത്രത്തെ മറക്കാനാവില്ല.
ആദ്യ പകുതിയിൽ ചിത്രം സാധാരണ രീതിയിൽ മുന്നോട്ട് പോകുന്നു. കൊലപാതകത്തിന്റെ രഹസ്യം തേടി കോളേജിൽ പോലീസ് കയറിയിറങ്ങുന്നു.
കോളേജ് അന്തരീക്ഷം അക്രമങ്ങളിലേക്ക് വഴിമാറുന്ന. ഗൗരവും ഒപ്പം കരളലിയിക്കുന്ന വേദനകളും നിറഞ്ഞ ആദ്യ ഒരുമണിക്കൂറിന് ശേഷം മമ്മൂട്ടി മാസ്സ് എൻട്രിയിൽ കോളേജിലെത്തുന്നു.
ത്രസിപ്പിക്കുന്ന സ്റ്റണ്ടുകളുടെ ഒരു തേരോട്ടം തന്നെ ചിത്രത്തിലുടനീളം ഉണ്ട്. മമ്മൂട്ടിയുടെ ഗ്ലാമ്മർപര്യവേഷം ആരാധകരുടെ മനസ്സിൽ ഒരു വിസ്ഫോടനം സൃഷ്ടിക്കുന്നു. ക്ലാസ്സ് ഡയലോഗുകളും മാസ്സ് ഡയലോഗുകളും കൃത്യമായി തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ കൊത്തിവെക്കുന്നു.
അഭിനേതാവായി സന്തോഷ്പണ്ഡിറ്റിന്റെ കപ്പാസിറ്റിയും പ്രേക്ഷകർക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ആവശ്യത്തിന് ചിരിക്കാനുള്ള വകയും ചിത്രത്തിലുണ്ട്.ഇന്ന് കേരളത്തിൽ ഏറെ ചർച്ചാവിഷയമായ കസബയിലെ പോലീസ് ഓഫീസറെ വിമർശിച്ച പാർവ്വതിക്കുള്ള മറുപടിയും ചിത്രത്തിൽ അങ്ങോളം ഇങ്ങോളം ഉണ്ട്.
ഉണ്ണീ മുകുന്ദന് പകരം കേസ് അന്വേഷിക്കാൻ എത്തുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ ‘ റാസ്കൽ ‘ എന്ന് വിളിച്ചപ്പോൾ
“I do respect women” എന്ന മാസ്സ് മറുപടിയാണ് മമ്മൂട്ടി നല്കിയത്. നിറഞ്ഞ കയ്യടിയാണ് ആ ഡയലോഗിന് പ്രേക്ഷകർ നല്കിയത്.
തുടർന്ന് അശ്ലീലം നിറഞ്ഞ പദം വനിതാ പോലീസ് ഉപയോഗിച്ചപ്പോഴും “I can read your lips, but still I do respect women” എന്ന എഡ്വേഡ് ആവർത്തിക്കുന്നു. എല്ലാ ഫെമിനിസ്റ്റുകൾക്കും സിനിമ സീനുകളുടെ പേരിൽ വിവാദങ്ങൾ സൃഷ്ടിച്ച് പബ്ലിസിറ്റിക്കായി എന്തും പറയുന്നവരുടെയും വായടപ്പിക്കുക കൂടെയായിരുന്നു മാസ്റ്റർപീസിലൂടെ മമ്മൂട്ടി.
കോളേജിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുൾ അഴിച്ചുകൊണ്ട് സെക്കൻറ്ഹാഫിൽ പ്രേക്ഷകനെ സംവിധയകൻ ആകാംശയുടെ മുൾമുനയിൽ എത്തിക്കുന്നു. ക്ലൈമാക്സിലെ വമ്പൻ ട്വിസ്റ്റ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ലെന, കലാഭവൻ ഷാജോൺ, മുകേഷ് തുടങ്ങിയവരുടെ മിന്നും പ്രകടനവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.
മലയാളിക്ക് ക്രിസ്തുമസ് ആഘോഷമാക്കാനുള്ള ഒരു മാസ്സ് ചിത്രം തന്നെയാണ് മാസ്റ്റർപീസ്. യുവാക്കൾക്കും മാസ്സ് സസ്പെൻസ് ഇഷ്ടപ്പെടുന്നവർക്കും ഒരു വേറിട്ട അനുഭവം തന്നെയാണ് മാസ്റ്റർപീസ്.