Don't Miss

മേരിക്കുട്ടി ലളിതം, മനോഹരം, പ്രചോദനദായകം

രഞ്ജിത്ത് ശങ്കർ എന്ന സംവിധായകൻ ഇതുവരെയും ചെയ്തതെല്ലാം തന്നെ മിനിമം ഗ്യാരണ്ടിയുള്ള സിനിമകളാണ്. ഒരു ലെവലിൽ നിന്നും താഴേക്ക് പോകാൻ പുള്ളിക്കാരന്റെ മനഃസാക്ഷി അനുവദിക്കാത്തത് പ്രേക്ഷകർക്ക് അനുഗ്രഹമായി എന്നതാണ് സത്യം. സ്വന്തമായി എഴുതി, സ്വന്തമായി പണം നിക്ഷേപിച്ച്, സഹകരണ മനോഭാവമുള്ളവരെ പങ്കെടുപ്പിച്ച്, പടം പിടിച്ച്, പ്രേക്ഷകർക്ക് കുടുംബം അടക്കം ധൈര്യത്തോടെ തീയറ്ററിലെത്തി കാണാൻ തക്ക ഗുണഗണങ്ങളുള്ള സിനിമകൾ സ്‌ക്രീനിലെത്തിക്കുന്ന ഒരു വിശ്വസ്ത സ്ഥാപനമാണ് രഞ്ജിത്ത് ശങ്കർ. ആ വിശ്വാസം ‘ഞാൻ മേരിക്കുട്ടി’യിലും കാത്ത് സൂക്ഷിക്കപ്പെട്ടതിൽ സന്തോഷം. രണ്ടു മണിക്കൂർ അഞ്ച് നിമിഷങ്ങൾ ദൈർഘ്യമുള്ള, ഒരുപാട് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന, പോസിറ്റീവ് പ്രചോദനങ്ങൾക്കുള്ള ഘടകങ്ങൾ നിറഞ്ഞ, വളരെ മനോഹരമായ ഒരു കുടുംബചിത്രമാണ് “ഞാൻ മേരിക്കുട്ടി”. കുടുംബചിത്രം എന്നൊരു ലേബലിൽ ഒതുക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും, അതാണ് അടിസ്ഥാനമാണെന്ന് പറയുന്നത് “ഞാൻ മേരിക്കുട്ടി”യ്ക്കൊരു അലങ്കാരമാണ്.

 

ഷീറോ എന്ന ഹീറോ

ഭിന്നലിംഗക്കാർ, ദ്വിലിംഗക്കാർ എന്നിങ്ങനെയുള്ള ഭേദപ്പെട്ട വിളികളോടെയും, ഹിജഡ, നപുംസകം, ശിഖണ്ഡി എന്നിങ്ങനെയുള്ള പരിഹാസ്യം നിറഞ്ഞ ആക്രോശങ്ങളോടെയും, ‘ഒഫീഷ്യൽ’ എന്ന മറയോടെ ഈ പറഞ്ഞ പേരുകളൊക്കെ പേറുന്ന ‘ട്രാൻസ്ജെൻഡർ’ എന്ന ‘മാന്യ’നാമധേയത്തിലും അഭിസംബോധന ചെയ്യപ്പെടുന്ന ഒരു വിഭാഗം മനുഷ്യർ നമുക്കിടയിൽ ജീവിക്കുന്നുണ്ട്. ഈ ലൈവ് നിമിഷത്തിൽ പോലും വാർത്തകൾ കേൾക്കാം, അങ്ങനെയൊരു വിഭാഗത്തെ ചൂഷണം ചെയ്യുന്ന, അപഹാസ്യരാക്കി പീഡിപ്പിക്കുന്ന വാർത്തകൾ! അവർക്കായി രഞ്ജിത്ത് ശങ്കർ & ടീം ഒരു പേര് കണ്ടെത്തിയിരിക്കുന്നു, ‘ഷീറോ’ ! ആണിനെ ‘ഹീറോ’ എന്നു വിളിക്കാമെങ്കിൽ, പെണ്ണിലെ ആണിനെയും, ആണിലെ പെണ്ണിനെയും സ്നേഹപൂർവ്വം, ബഹുമാനത്തോടെ ‘ഷീറോ’ എന്നു വിളിക്കാമെന്ന് ‘ടീം ഞാൻ മേരിക്കുട്ടി’ പറയുമ്പോൾ അത് എഴുന്നേറ്റു നിന്നൊരു സല്യൂട്ടോടെ അംഗീകരിക്കുന്നു. അഭിനന്ദനങ്ങൾ രഞ്ജിത്ത് ശങ്കർ & ക്രൂ.

Image may contain: 1 person, close-up and text

ജയസൂര്യ, ജയസൂര്യ, ജയസൂര്യ…

ജയസൂര്യ എന്ന വ്യക്തിയെ ഒരു വശത്ത് ഇരുത്തിയിട്ട്, ജയസൂര്യ എന്ന അഭിനേതാവ് അങ്ങനെ വളരുകയാണ്! അതെ, തികച്ചും അസൂയാവഹമായൊരു വളർച്ച! തന്നിലേക്ക് എത്തിച്ചേരുന്ന ഒരു കഥാപാത്രത്തെക്കുറിച്ച് അറിയുന്ന ആ നിമിഷം മുതൽ, അവസാന വാക്ക് ഡബ്ബ് ചെയ്തു തീരുന്ന ആ നിമിഷം വരെ അതൊരു പരകായപ്രവേശം തന്നെയാണ്. ഈ കഴിഞ്ഞ ആറേഴു വർഷങ്ങളായി, ആ ഒരു കാഴ്ച സ്ഥിരമായി പ്രേക്ഷകർക്ക് ലഭിക്കുന്നു. ‘കോക്‌ടെയിൽ’, ‘ബ്യൂട്ടിഫുൾ’, ‘ട്രിവാൻഡ്രം ലോഡ്ജ്’, ‘മുംബൈ പോലീസ്’, ‘അപ്പോത്തിക്കരി’, ‘ഇയോബിന്റെ പുസ്തകം’, ‘ലുക്കാ ചുപ്പി’, ‘സു സു സുധി വാത്മീകം’, ‘ക്യാപ്റ്റൻ’, ഇങ്ങനെ ജയസൂര്യ ഒരു അഭിനേതാവായി അതിഗംഭീര പ്രകടനങ്ങൾ കാഴ്ച വച്ച സിനിമകളുടെ നിരയിലേക്ക് ഇതാ ‘ഞാൻ മേരിക്കുട്ടി’ കൂടി അഭിമാനപൂർവ്വം കയറുന്നു. മേരിക്കുട്ടി എന്ന ‘ഷീറോ’ കഥാപാത്രത്തെ അതിന്റെ എല്ലാ അർത്ഥങ്ങളും ഉൾക്കൊണ്ട്, തികഞ്ഞ തന്മയീഭാവത്തോടു കൂടി അവതരിപ്പിച്ച ജയസൂര്യയ്ക്ക് മനമാർന്ന കയ്യടി. ഇരുതോളുകളും സ്ഥിരമായി ചായ്ച്ച് വയ്ക്കുന്നതു പോലെയുള്ള അതികഠിനമായ ചില ശരീര ചലനങ്ങൾ, തൊലിയിൽ പോലും തിരിച്ചറിയാൻ കഴിയുന്ന തരം ചില മാറ്റങ്ങൾ, ഇതൊക്കെ കൊറിയോഗ്രാഫറോ, മേയ്ക്കപ്പ് ചെയ്ത റോണക്സ് സേവ്യരോ വിചാരിച്ചാൽ മാത്രം സാധ്യമാകുന്ന കാര്യമല്ല. മറിച്ച്, ജയസൂര്യയെ പോലുള്ള ഒരു സ്വാഭാവിക കലാകാരന്റെ ആത്മസമർപ്പണവും ആവശ്യമാണ്.

Image may contain: 1 person, text

തിരക്കഥയാണ് അഖില ഉലക സൂപ്പർ താരം !

ഒരു സിനിമ പൂർത്തിയാക്കി അടുത്ത ആഴ്ച തന്നെ തന്റെ അടുത്ത സിനിമയുടെ തിരക്കഥ എഴുതി തുടങ്ങി, രണ്ടാഴ്ചയ്ക്കകം അതു തീർത്ത് ‘തിരക്കഥ എഴുതി തീർന്നു” എന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ട്, അതിന്റെ അടുത്ത ആഴ്ച ഷൂട്ടിംഗ് തുടങ്ങുന്ന തരം അസുഖമുള്ള സംവിധായകനാണ് രഞ്ജിത്ത് ശങ്കറെന്നത് നാട്ടിലെ ഏത് ചായക്കടയിലും കേൾക്കാവുന്ന ഒരു കാര്യമാണ്. പക്ഷെ അതിലൂടെ, പുള്ളിക്കാരൻ സ്‌ക്രീനിലെത്തിക്കുന്ന പ്രോഡക്റ്റിൽ എന്തെങ്കിലും കുറവോ, ഒത്തുതീർപ്പോ നടന്നതായും അറിവില്ല. അവിടെയാണ് കോമൺ സെൻസും, ശരിയായ രീതിയിലുള്ള അപ്ഡേഷനും വിഷയമാകുന്നത്. ടാങ്കിൽ വെള്ളമുണ്ടെങ്കിൽ അത് പൈപ്പ് തുറന്നാൽ അനർഗ്ഗളനിർഗ്ഗളം ഒഴുകും എന്ന് പറയുന്നതു പോലെ, തലയ്ക്കകത്ത് കഥാപാത്രങ്ങളും, സാഹചര്യങ്ങളും കൂടു കെട്ടി താമസിക്കുന്ന കലാകാരന്മാരുടെ ഗണത്തിൽ പെടുത്താവുന്ന ഒരു ഐറ്റം തന്നെയാണ് രഞ്ജിത്ത് ശങ്കർ. തിരക്കഥ തന്നെയാണ് ‘ഞാൻ മേരിക്കുട്ടി’യിലെ ഹൈലൈറ്റ്.

Image may contain: 1 person, sitting

ജോജു ജോർജ്ജും കൂട്ടരും !

ജോജു ജോർജ്ജ്, ‘എസ്.ഐ.കുഞ്ഞിപ്പാലു’വായി അടിമുടി തകർത്തു തരിപ്പണം വാരി! മേരിക്കുട്ടി എന്ന ഷീറോ കഥാപാത്രത്തെ രെജിസ്റ്റർ ചെയ്യാനായി, അതുമായി ബന്ധപ്പെട്ട പതിവ് കാഴ്ചകളിൽ തുടങ്ങിയ സിനിമയ്ക്ക് വളരെ പെട്ടെന്നു തന്നെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഓടിക്കയറാൻ പറ്റിയത് ജോജുവിന്റെ എസ്.ഐ കഥാപാത്രത്തിലൂടെയാണ്. അത്രയ്ക്കും സ്വാഭാവികമായിരുന്നു ആ പ്രകടനം. സിനിമയ്ക്ക്, അതു മലയാളമായാലും, തെലുങ്കായാലും, ബംഗാളിയായാലും, സിനിമയ്ക്ക് ജോജു ജോർജ്ജ് എന്ന അഭിനേതാവ് ഒരു മുതൽക്കൂട്ടാണ്! സുരാജ് വെഞ്ഞാറമൂടിന്റെ കളക്ടർ കഥാപാത്രം, അത് ആവശ്യപ്പെടുന്ന എല്ലാ ഔദ്യോഗിക ഭാവങ്ങളോടെയും പുള്ളിക്കാരൻ ഗംഭീരമാക്കി. ഇന്നസെന്റ്, ജുവൽ മേരി, ശിവജി ഗുരുവായൂർ, മണികണ്ഠൻ പട്ടാമ്പി, അജു വർഗ്ഗീസ്, തുടങ്ങി എല്ലാവരും സ്വന്തം മുദ്ര പതിപ്പിച്ചു. സന്തോഷ് വർമ്മ – ആനന്ദ് മധുസൂദനൻ ടീമിന്റെ ഗാനങ്ങൾ ശ്രവണസുഖം സമ്മാനിച്ചു. ബിജു നായരായണൻ പാടിയ “ദൂരെ ദൂരെ” എന്ന പാട്ട്, തീയേറ്റർ വിട്ടിറങ്ങിയിട്ടും മനസ്സു വിട്ട് പോകുന്നില്ലായിരുന്നു. ഛായാഗ്രാഹകൻ വിഷ്ണു നാരായണനും അഭിനന്ദനങ്ങൾ.

പ്രേക്ഷകരോട്

‘ഞാൻ മേരിക്കുട്ടി’ നിങ്ങളെ നിരാശരാക്കില്ല. സിനിമയുടെ ഏതെങ്കിലുമൊരു പോസ്റ്ററിലേക്ക് ഒരു നിമിഷം നോക്കിയാൽ മതി, അതിൽ ജയസൂര്യയുണ്ടെങ്കിൽ ആ മുഖം നിങ്ങളുടെ മനസ്സിലേക്ക് പതിയുമെന്ന് ഉറപ്പാണ്. ആ ഒരു ഉറപ്പ് ‘ഞാൻ മേരിക്കുട്ടി’ പൂർണ്ണമായും കാത്ത് സൂക്ഷിക്കുന്നുണ്ട്. ‘ഷീറോ’ ആയതിന്റെ പേരിൽ ഇനി ഒരാൾക്കും ദുരിതമുണ്ടാകാൻ പാടില്ല എന്ന് വളരെ ശക്തമായ ഭാഷയില്‍ വ്യക്തമാക്കുന്നു ‘ഞാൻ മേരിക്കുട്ടി’. ഈ വിഷയത്തിൽ നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റാനുള്ള ശക്തമായ ഒരു ശ്രമത്തോടൊപ്പം, തോൽവിയുടെ ഒരു പട തന്നെ നമുക്കെതിരെ കാഹളം മുഴക്കി വന്നാലും ഒറ്റയ്ക്ക് പൊരുതി ജയിക്കാൻ കഴിയുമെന്നും ‘ഞാൻ മേരിക്കുട്ടി’ പറയുന്നു. . വിനോദമാണ് സിനിമയുടെ പരമമായ ലക്‌ഷ്യം. പക്ഷെ അതിലൂടെ നല്ല സന്ദേശങ്ങളും ലഭിക്കുമെങ്കിൽ അത് ബോണസാണ്…ഇവിടെ ഈദ് – ഓണം – ക്രിസ്ത്മസ് ബോണസ് എല്ലാം കൂടെ ചേർത്ത് കിട്ടിയിരിക്കുകയാണ്‌. ടീം ഞാൻ മേരിക്കുട്ടിയ്ക്ക് അഭിനന്ദനങ്ങൾ.

റേറ്റിംഗ് :- 4 / 5
സുരേഷ് കുമാർ രവീന്ദ്രൻ

Total
0
Shares

About admin