Don't Miss

ബൈജു എന്ന നടന്റെ ആരും അറിയാത്ത ജീവിത ജൈത്രയാത്ര


1981-ലാണ് മമ്മൂട്ടി ആദ്യമായി നായക വേഷത്തില്‍ അഭിനയിച്ച മലയാള സിനിമ റിലീസാവുന്നത്…1981-ല്‍ തന്നെയാണ് മോഹന്‍ലാലിന്റെ ആദ്യ സിനിമയുടെയും റിലീസ്… അതേ വര്‍ഷമാണ് സന്തോഷ് കുമാര്‍ ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നത്. ബാലചന്ദ്ര മേനോന്റെ ‘മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള’ എന്ന സിനിമയില്‍ അഭിനയിക്കാനായി പത്ത് പന്ത്രണ്ട് ആണ്‍കുട്ടികളെ തിരക്കി തിരുവനന്തപുരത്തെ വിദ്യാധിരാജാ സ്ക്കൂളില്‍ ആ സിനിമയുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് വന്നപ്പോള്‍ സ്ക്കൂളിലെ അദ്ധ്യാപകര്‍ സെലക്റ്റ് ചെയ്ത് അയച്ച കുട്ടികളിലൊരാളായിരുന്നു സന്തോഷ്. വേളി കായലിനിരികിലെ ഷൂട്ടിംഗ് സ്പോട്ടില്‍ മണിയന്‍ പിള്ള രാജുവുമൊത്തുള്ള രംഗമായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. രാജുവിനോട് ഡയലോഗ് പറയാനായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന കുട്ടി അത് കുളമാക്കിയപ്പോള്‍ ഡയലോഗ് പറയേണ്ട ചുമതലയും സന്തോഷ് കുമാറിന് ലഭിച്ചു. സന്തോഷ് അനായാസമായി അത് അവതരിപ്പിക്കുകയും ചെയ്തു. സന്തോഷ് കുമാര്‍ എന്ന ആ കുട്ടിയെ നമ്മളറിയും…നടന്‍ ബൈജു.


യാതൊരു ക്യാമറാ ഫിയറുമില്ലാത്ത ആ കുട്ടിയെ സംവിധായകന്‍ ബാലചന്ദ്ര മേനോന് നന്നേ ബോധിച്ചു. അതേ വര്‍ഷം മേനോന്‍ സംവിധാനം ചെയ്ത ‘കേള്‍ക്കാത്ത ശബ്ദം’ എന്ന സിനിമയില്‍ ഒരു പ്രധാന വേഷവും നല്കി. ടൈറ്റിലില്‍ ‘ഞങ്ങളവതരിപ്പിക്കുന്ന പുതുമുഖങ്ങള്‍’ എന്ന കാര്‍ഡില്‍ മാസ്റ്റർ ബൈജു എന്ന് എഴുതിക്കാണിക്കുകയും ചെയ്തു (സന്തോഷ് കുമാറിന്റെ വിളിപ്പേരായിരുന്നു ബൈജു). ബാലചന്ദ്ര മേനോന്‍ തന്റെ സിനിമകളില്‍ സ്ഥിരമായി ബൈജുവിന് ശ്രദ്ധേയ വേഷങ്ങള്‍ നല്കി. കണ്ടതും കേട്ടതും എന്ന സിനിമയില്‍ അപ്പോള്‍ ഏതാണ്ടൊരു ഇരുപത് വയസ്സ് മാത്രം പ്രായം വരുന്ന ബൈജുവിന് സെക്കന്റ് ഹീറോ പരിവേഷമുള്ള വേഷവും നല്കി ബാലചന്ദ്ര മേനോന്‍.


പ്രിയദര്‍ശന്റെ പൂച്ചക്കൊരു മൂക്കുത്തിയിലും സത്യന്‍ അന്തിക്കാടിന്റെ കുടുംബ പുരാണത്തിലും സിബി മലയിലിന്റെ മുദ്രയിലും ഏറെ ശ്രദ്ധ നേടിയ വേഷങ്ങള്‍ ചെയ്ത ബൈജുവിന് ഷാജി കൈലാസ് തന്റെ ആദ്യ സിനിമയായ ന്യൂസ് മുതല്‍ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ നല്കി. കമ്മിഷണറിലെ രാഷ്ട്രീയ നേതാവിന്റെ സഹോദര വേഷം ഒരുദാഹരണം.
തൊണ്ണൂറുകളില്‍ മിമിക്സ് പരേഡ്, ഉപ്പുകണ്ടം ബ്രദേഴ്സ്, സ്ത്രീധനം, മാട്ടുപ്പെട്ടി മച്ചാൻ തുടങ്ങി നിരവധി സിനിമകളില്‍ ബൈജുവിന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. കലൂര്‍ ഡെന്നീസ്, രാജന്‍ – വിനു കിരിയത്ത് എന്നിവര്‍ തിരക്കഥയെഴുതിയ സിനിമകളില്‍ ബൈജുവിന് പ്രാധാന്യമുള്ള വേഷങ്ങള്‍ ലഭിച്ച കാലഘട്ടം കൂടിയായിരുന്നു അത്.


ഇടയ്ക്ക് തോക്ക് കൈവശം വച്ചൊരു കേസിനെ തുടര്‍ന്നുള്ള നിയമക്കുരുക്കുകളില്‍ പെട്ട സമയത്ത് ബൈജുവിന്റെ സിനിമാ കരിയറില്‍ ഒരു ഇടിവ് സംഭവിച്ചു. പക്ഷേ അരുണ്‍ കുമാര്‍ അരവിന്ദിന്റെ ‘ഈ അടുത്ത കാലത്ത്’ എന്ന സിനിമയിലെ വാട്ട്സണ്‍ എന്ന കൊട്ടേഷന്‍ ഗ്യാങ് ലീഡറുടെ കഥാപാത്രത്തിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തി ബൈജു. അരുണ്‍ കുമാറിന്റെ തന്നെ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’ലും നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചു.
ഈയടുത്തിറങ്ങിയ ‘പുത്തന്‍ പണം’ എന്ന സിനിമയിൽ ഏറ്റവുമധികം സ്കോര്‍ ചെയ്തത് ബൈജുവാണ്…ന്യൂട്രല്‍ കുഞ്ഞപ്പന്‍ എന്ന കഥാപാത്രമായി ബൈജു പ്രേക്ഷകരുടെ കയ്യടി നേടി. സഖാവിലെ വേഷവും പരക്കെ സ്വീകരിക്കപ്പെട്ടു.
ബാലതാരമായി അഭിനയിച്ച ആദ്യ സിനിമ മുതല്‍ ബൈജുവിനെ വേറിട്ട് നിര്‍ത്തിയത് അനായാസമായ അഭിനയ ശൈലിയാണ്. അതു പോലെ ഡയലോഗ് പ്രസന്റേഷനും മോഡുലേഷനും (ഹെവി തിരുവനന്തപുരം ആക്സന്റ് ഉണ്ടെങ്കില്‍ കൂടി) ഈ നടന്റെ ശക്തിയാണ്. ഇനിയുള്ള കാലത്ത് ക്യാരക്റ്റര്‍ റോളുകളില്‍ ശോഭിക്കാനും മലയാള സിനിമയില്‍ തുടര്‍സാന്നിദ്ധ്യമാവാനും മൂന്നരപ്പതിറ്റാണ്ട് അനുഭവ സമ്പത്തുള്ള ബൈജുവിന് കഴിയട്ടെ…

Total
0
Shares

About admin