Don't Miss

രവി കെ ചന്ദ്രൻ ഫ്രെയിംസ്

രവി.കെ.ചന്ദ്രൻ, ഇന്ത്യൻ സിനിമയിലെ മികച്ച ചായാഗ്രാഹകരിൽ ഒരാൾ.1991-ൽ ഷാജി കൈലാസിന്റെ ‘കിലുക്കാം പെട്ടി’ എന്ന ചിത്രത്തിലുടെ സ്വതന്ത്ര ക്യാമറാമാനായി. ഷാജി കൈലാസിന്റെ തന്നെ തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, മാഫിയ, ദി കിംഗ് എന്നീ ചിത്രങ്ങളിലും പ്രവർത്തിച്ചു. കൂടാതെ മലയാളത്തിൽ ഐ.വി.ശശിയുടെ അർത്ഥന, വി.കെ.പ്രകാശിന്റെ ‘പുനരധിവാസം’ എന്നീ ചിത്രങ്ങളിലും ക്യാമറ ചലിപ്പിച്ചു.

1994-ൽ കെ.എസ്.രവിയുടെ ‘ഹോണസ്റ്റ് രാജ്’ എന്ന സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം. തുടർന്നങ്ങോട്ട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാനും അദ്ദേഹത്തിന് കഴിഞ്ഞു. രാജീവ് മേനോന്റെ ആദ്യ ചലച്ചിത്ര സംരംഭമായ ‘മിൻസാരക്കനവി’ൽ വേണുവും രവി.കെ.ചന്ദ്രനും കൂടിയാണ് ചായാഗ്രാഹണം നിർവ്വഹിച്ചത്. അതിനു ശേഷം രാജീവ് മേനോന്റെ തന്നെ മമ്മൂട്ടി ചിത്രം, ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനി’ൽ പ്രവർത്തിച്ചു. പിന്നീട് സിറ്റിസൺ, മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത്, ശങ്കറിന്റെ ബോയ്സ്, എ.ആർ.മുരുഗദോസിന്റെ ഏഴാം അറിവ് എന്നീ സിനിമകൾക്കുണ്ടേിയും ക്യാമറ കൈകാര്യം ചെയ്തു.

ബോളിവുഡിൽ പ്രിയദർശന്റെ ‘വിർസാത്ത്’ എന്ന ചിത്രത്തിലൂടെ തുടക്കം. പ്രിയദർശന്റെ തന്നെ’ കബി നാ കബി’യിലും പ്രവർത്തിച്ചു. പിന്നീട് ഫർഹാൻ അക്തറിന്റെ ‘ദിൽ ചാഹ്താ ഹേ’, രാകേഷ് റോഷന്റെ ‘കോയീ മിൽ ഗയാ’, സഞ്ജയ് ലീലാ ബൻസാലിയുടെ ബ്ലാക്ക്, സാവരിയ, അമോൽ പാലേക്കറുടെ പഹേലി എന്നിവയിലും ക്യാമറ ചലിപ്പിച്ചു. ഫനാ, ‘രബ് നേ ബനാദി ജോഡി’, ഗജിനി, കരൺ ജോഹറിന്റെ മൈ നെയിം ഈസ് ഖാൻ, നന്ദിതാ ദാസിന്റെ ഫിറാഖ്, ‘അൻജാനാ അൻജാനി’,ഓകെ ജാനു എന്നീ ചിത്രങ്ങളിലും തന്റെ കരുത്തുറ്റ സാനിധ്യം അറിയിച്ചു. ഇപ്പോഴും പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് രവി.കെ.ചന്ദ്രൻ. 2014ൽ ‘യാൻ’ എന്ന തമിഴ് ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു.

മൂന്ന് ഇൻഡസ്ട്രികളിലായി പ്രതിബാധനരായ ഒട്ടനവധി സംവിധായകരോടൊപ്പം പ്രവർത്തിക്കാൻ അദ്ദേഹത്തിനായി. വിർസാത്, കന്നത്തിൽ മുത്തമിട്ടാൽ, ബ്ലാക്ക് എന്നീ ചിത്രങ്ങളിലൂടെ ഫിലിം ഫെയർ അവാർഡുകളും അദ്ദേഹത്തെ തേടിയെത്തി. ഇന്ത്യയിലെ മികച്ച ക്യാമറാമാൻമാരുടെ പേരുകൾ പരാമർശിക്കുമ്പോൾ മുൻപന്തിയിൽ തന്നെയാണ് രവി.കെ.ചന്ദ്രന്റെ സ്ഥാനം

Total
0
Shares

About admin