ജി എസ് ടി-യെക്കുറിച്ചും ഡിജിറ്റല്‍ ഇക്കോണമിയെക്കുറിച്ചും ‘മെര്‍സല്‍’ എന്ന വിജയ് സിനിമയില്‍ അഞ്ചാറ് ഡയലോഗുകളുണ്ടെന്ന പേരില്‍ ആ സിനിമയെ മഹത്വവല്‍ക്കരിക്കുന്ന പോസ്റ്റുകളാണ് ടൈംലൈന്‍ മുഴുവന്‍… ശുദ്ധ കോമഡി എന്നല്ലാതെ എന്ത് പറയാന്‍!
തമിഴ് സിനിമയും രാഷ്ട്രീയവും ഇഴ പിണഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് അറുപത് കൊല്ലത്തിലേറെയായി… എം ജി ആര് – കരുണാനിധി കാലത്തിലാണ് അത് പുതിയ മാനങ്ങള്‍ ആര്‍ജ്ജിച്ചത്… സിനിമകളിലൂടെ രാഷ്ട്രീയ സന്ദേശങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് കൈമാറുന്ന രീതി അന്നേ തുടങ്ങിയതാണ്. പിന്നീട് എം ജി ആര് തന്റെ അടുത്ത വാരിസ് (അനന്തരാവകാശി) ആയി കെ ഭാഗ്യരാജിനെ പൊതുവേദിയില്‍ അവതരിപ്പിച്ചതും അതിന് ബദലായി ടി രാജേന്ദറെ ഡി എം കെ ഉയര്‍ത്തിക്കൊണ്ടു വന്നതും ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ഒരു ബ്ലാക്ക് ഹ്യൂമാറായി തോന്നും. അതിനിടയിലാണ് എം ജി ആറിന്റെ ഇദയക്കനിയായ ജയലളിതയുടെ രാഷ്ട്രീയ രംഗത്തെ താരോദയം.
പിന്നീട് വിജയകാന്ത് – ശരത്കുമാര് എന്നിവരും രാഷ്ട്രീയത്തില്‍ മുന്നണികളുടെ ഭാഗമായും അല്ലാതെയും ഭാഗ്യപരീക്ഷണം നടത്തി. സൂപ്പര്‍ സ്റ്റാര്‍ രജനികാന്താകട്ടെ തന്റെ അഴകൊഴമ്പന്‍ നിലപാടുകളില്‍ തന്നെ രണ്ട് ദശാബ്ദങ്ങളായി തുടരുന്നു (എപ്പ വരുവേന്‍, എപ്പടി വരുവേണ്ണു സൊല്ല മുടിയാത്…ആനാ വര വേണ്ടിയ നേരത്തിലെ നിച്ചയമാ വരുവേന്‍)… ജയലളിതയുടെ മരണം വരെ വായില്‍ പ്ലാസ്റ്ററൊട്ടിച്ച് നടന്ന കമല്‍ ഹാസനാകട്ടെ ഇപ്പോള്‍ എന്തിനും ഏതിനും അഭിപ്രായം പറയുന്ന ആളായി മാറി.
തമിഴ്നാട് രാഷ്ട്രീയത്തിലെ നിലവിലുള്ള അനിശ്ചിതത്ത്വത്തെ ആര്‍ക്ക് ഫലപ്രദമായി മുതലെടുക്കാന്‍ കഴിയും എന്ന മത്സരമാണ് അവിടെ ഇപ്പോൾ നടക്കുന്നത്. ഈ പറയുന്ന എല്ലാ നടന്മാരും ഒരു ഘട്ടത്തിലല്ലെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ രാജ്യം ഭരിക്കുന്ന കക്ഷിയുമായി വിലപേശല്‍ നടത്തിയിട്ടുള്ളവരുമാണ്. അവിടെ ബി ജെ പി, കോണ്‍ഗ്രസ്സ് എന്ന വ്യത്യാസമില്ല. അധികാരമാണ് പ്രധാനം.
ഈ സിനിമ – രാഷ്ട്രീയ നെക്സസിന്റെ ഇങ്ങേയറ്റത്തെ കണ്ണിയാണ് വിജയും… ഈ വിവാദങ്ങള്‍ക്കൊടുവില്‍ അടുത്ത് തന്നെ വിജയ് നരേന്ദ്ര മോഡിയെയോ അമിത് ഷായെയോ നേരിട്ട് കണ്ട് ചര്‍ച്ച ചെയ്ത് “എല്ലാം നല്ലതുക്കേ” എന്ന് പറഞ്ഞ് പത്രസമ്മേളനവും നടത്തിയാല്‍ അദ്ഭുതപ്പെടേണ്ടതില്ല.
നാലഞ്ച് ഡയലോഗുകളുടെ പേരില്‍ ‘മെര്‍സല്‍’ പോലൊരു സിനിമയെ “മാസ്സ് മസാല സിനിമകളെ ആ രീതിയില്‍ കാണണം” എന്ന് പറഞ്ഞ് ന്യായീകരിക്കുന്നവര്‍ മലയാളത്തിലെ മാസ്സ് സിനിമകള്‍ക്കും ആ സൗജന്യം നല്‍കണം. ഒരു ഫ്രഷ് ചെറി മുകളില്‍ വച്ചിട്ടുണ്ടെന്നു കരുതി ബേക്ക് ചെയ്ത് കുളമായിപ്പോയ കേക്കിനെ “ആഹാ…ഒാഹോ” എന്നൊക്കെ പറയുന്നത് നല്ല തമാശയാണ്…